സിംബാബ്‌വേയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ വണ്‍ ഓഫ് ടെസ്റ്റ് സ്വന്തമാക്കി ആതിഥേയര്‍. ഷെവ്‌റോണ്‍സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് അയര്‍ലന്‍ഡ് സ്വന്തം മണ്ണിലെ ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കിയത്.
സിംബാബ്‌വേ ഉയര്‍ത്തിയ 158 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അയര്‍ലന്‍ഡ് ആറ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.
സ്‌കോര്‍
സിംബാബ്‌വേ: 210 & 197
അയര്‍ലന്‍ഡ്: 250 & 158/6 (T: 158)
മത്സരത്തിനിടെ നടന്ന രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അയര്‍ലന്‍ഡിന്റെ ബൗണ്ടറി തടയാനുള്ള സിംബാബ്‌വേ താരത്തിന്റെ ശ്രമവും അതിന്റെ ഫലമായി അഞ്ച് റണ്‍സ് ഐറിഷ് താരങ്ങള്‍ ഓടിയെടുക്കുകയും ചെയ്തതാണ് ചര്‍ച്ചാ വിഷയം.
അയര്‍ലന്‍ഡിന്റെ രണ്ടാം ഇന്നിങ്‌സിനിടെയാണ് സംഭവം. റിച്ചാര്‍ഡ് എന്‍ഗരാവ എറിഞ്ഞ 18ാം ഓവറിലെ ആദ്യ പന്തില്‍ ലോര്‍കന്‍ ടക്കര്‍ സിംഗിള്‍ നേടുകയും സ്‌ട്രൈക്ക് ആന്‍ഡി മാക്‌ബ്രെയ്നിന് കൈമാറുകയുമായിരുന്നു.
ഓവറിലെ രണ്ടാം പന്തില്‍ ബൗണ്ടറി ലക്ഷ്യമിട്ട് കവറിലൂടെ ഷോട്ട് കളിച്ചു. നാല് റണ്‍സ് തടയാനായി സിംബാബ്‌വേ ഫീല്‍ഡര്‍ കിണഞ്ഞുപരിശ്രമച്ചു. ഫലമായി പന്ത് ബൗണ്ടറി ലൈന്‍ കടക്കാതെ സേവ് ചെയ്യാന്‍ അയാള്‍ക്കായി.
എന്നാല്‍ ഈ തക്കത്തില്‍ അയര്‍ലന്‍ഡ് ബാറ്റര്‍മാര്‍ അഞ്ച് റണ്‍സ് ഓടിയെടുത്തു. ഇത് കണ്ട കമന്റേറ്റര്‍മാര്‍ ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ വൈറലാകുന്നുണ്ട്.
അതേസമയം, രണ്ടാം ഇന്നിങ്സിന്റെ തുടക്കത്തില്‍ തന്നെ അയര്‍ലാന്‍ഡ് തകര്‍ന്നടിഞ്ഞിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ച് മുന്‍നിര വിക്കറ്റുകളാണ് അയര്‍ലന്‍ഡിന് നഷ്ടമായത്.
പി.ജെ. മൂര്‍ (മൂന്ന് പന്തില്‍ പൂജ്യം), ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണി (എട്ട് പന്തില്‍ നാല്), കര്‍ട്ടിസ് കാംഫര്‍ (ഒരു പന്തില്‍ പൂജ്യം), ഹാരി ടെക്ടര്‍ (ആറ് പന്തില്‍ പൂജ്യം) പോള്‍ സ്റ്റെര്‍ലിങ് (16 പന്തില്‍ 10) എന്നിവരുടെ വിക്കറ്റാണ് അയര്‍ലന്‍ഡിന് നഷ്ടമായത്.
21/5 എന്ന നിലയില്‍ നിന്നും ശക്തമായി തിരിച്ചുവന്നാണ് അയര്‍ലാന്‍ഡ് മത്സരം സ്വന്തമാക്കിയത്.
ലോര്‍കന്‍ ടക്കറിന്റെയും ആന്‍ഡി മക്‌ബ്രെയ്‌നിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ്അയര്‍ലാന്‍ഡ് വിജയിച്ചുകയറിയത്. 64 പന്ത് നേരിട്ട് 56 റണ്‍സാണ് ലോര്‍കന്‍ ടക്കര്‍ നേടിയത്. പത്ത് ബൗണ്ടറികളാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
82 പന്തില്‍ പുറത്താവാതെ 55 റണ്‍സാണ് മക്‌ബ്രെയ്ന്‍ അടിച്ചെടുത്തത്. അഞ്ച് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 38 പന്തില്‍ പുറത്താവാതെ 24 റണ്‍സ് നേടിയ മാര്‍ക് അഡയറും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
നേരത്തെ ആദ്യ ഇന്നിങ്സില്‍ സിംബാബ്‌വേ 210 റണ്‍സിന് പുറത്തായിരുന്നു. 152 പന്തില്‍ 74 റണ്‍സ് നേടിയ പ്രിന്‍സ് മസ്വൊറാണ് സിംബാബ്‌വേ നിരയിലെ ടോപ് സ്‌കോറര്‍.
അയര്‍ലാന്‍ഡിനായി ആന്‍ഡി മക്ബ്രെയ്ന്‍, ബാരി മക്കാര്‍ത്തി എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും മാര്‍ക്ക് അഡയര്‍ രണ്ട് വിക്കറ്റും നേടി. ക്രയ്ഗ് യങ്, കര്‍ട്ടിസ് കാംഫര്‍ എന്നിവര്‍ ഓരോ വിക്കറ്റും തങ്ങളുടെ പേരില്‍ കുറിച്ചു.
ആദ്യ ഇന്നിങ്‌സില്‍ അയര്‍ലാന്‍ഡ് 250 റണ്‍സിനാണ് പുറത്തായത്. അയര്‍ലാന്‍ഡിനായി പി.ജെ. മൂര്‍ 105 പന്തില്‍ 79 റണ്‍സ് നേടി ടോപ് സ്‌കോററായി. 11 ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ആന്‍ഡി മാക്‌ബ്രെയ്ന്‍ 45 പന്തില്‍ 28 റണ്‍സും മാത്യു ഹംഫ്രിസ് 31 പന്തില്‍ 27 റണ്‍സും പോള്‍ സ്റ്റെര്‍ലിങ് 45 പന്തില്‍ 28 റണ്‍സും നേടി നിര്‍ണായകമായി.
ഷെവ്‌റോണ്‍സിനായി ബ്ലെസിങ് മുസബരാനി, തനക ചിവാംഗ എന്നിവര്‍ മൂന്നു വീതം വിക്കറ്റുകളും തെന്‍ഡായ് ചതാര, ഷോണ്‍ വില്യംസ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.
ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സിംബാബ്‌വേ 197 റണ്‍സിന് പുറത്താവുകയായിരുന്നു. മക്‌ബ്രെയ്ന്‍ നാല് വിക്കറ്റും ക്രെയ്ഗ് യങ്, മാര്‍ക് അഡയര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയും തിളങ്ങിയപ്പോള്‍ സിംബാബ്‌വേ ചെറിയ ടോട്ടലില്‍ പുറത്തായി.
ഷെവ്‌റോണ്‍സിനായി ഡിയോന്‍ മയേഴ്‌സ് 142 പന്തില്‍ 57 റണ്‍സും ഷോണ്‍ വില്യംസ് 65 പന്തില്‍ 40 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.
എന്നാല്‍ അയര്‍ലന്‍ഡ് വിജയം ലക്ഷ്യമിട്ട് തിരിച്ചടിച്ചപ്പോള്‍ പരാജയപ്പെടാന്‍ മാത്രമാണ് സിംബാബ്‌വേക്ക് സാധിച്ചത്.
Content highlight: Ireland vs Zimbabwe: Funny incident during second innings