ഡബ്ലിന്‍: ഗര്‍ഭചിദ്രനിയമത്തില്‍ അയര്‍ലന്റ് മാറ്റം വരുത്തുന്നു. ഗര്‍ഭച്ഛിദ്രം നിഷേധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യക്കാരിയായ ദന്തഡോക്ടര്‍ സവിത ഹാലപ്പനാവാര്‍ മരിച്ച സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് ഗര്‍ഭച്ഛിദ്ര നിയമത്തില്‍ മാറ്റം വരുത്താന്‍ അയര്‍ലന്‍ഡ് തീരുമാനിച്ചത്.[]
ആത്മഹത്യാ ഭീഷണിയുള്ള സാഹചര്യത്തിലും അമ്മയുടെ ജീവന് ഭീഷണിയുള്ളപ്പോളും ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്താനുള്ള ബില്‍ ജനവരി ആദ്യം അവതരിപ്പിക്കുമെന്ന് ഐറീഷ് ആരോഗ്യമന്ത്രി ഡോ.ജെയിംസ് റെയ്‌ലി അറിയിച്ചു.
ഗര്‍ഭച്ഛിദ്രം നിഷേധിച്ചതിനെത്തുടര്‍ന്ന് രക്തത്തില്‍ അണുബാധയുണ്ടായി ഒക്ടോബര്‍ 28 നാണ് പതിനേഴ് ആഴ്ച ഗര്‍ഭിണിയായ സവിത ഹാലപ്പനാവാര്‍ മരിച്ചത്.
കടുത്ത നടുവേദനയും വിറയലും ഛര്‍ദിയും മൂലം പ്രയാസപ്പെട്ടിരുന്ന സവിത ചികിത്സിച്ചിരുന്ന ഡോക്ടറോട് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കുഞ്ഞിന് ഹൃദയമിടിപ്പുള്ളതിനാല്‍ ഗര്‍ഭച്ഛിദ്രം നടത്താനാവില്ലെന്നായിരുന്നു മറുപടി.
മൂന്നര ദിവസം കടുത്ത വേദനയനുഭവിച്ച സവിത ഒക്ടോബര്‍ 28ന് മരിച്ചു. ഗര്‍ഭസ്ഥശിശു രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് വ്യക്തമായിട്ടും ഹൃദയമിടിപ്പുണ്ടെന്ന കാരണത്താല്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നില്‍കാഞ്ഞതാണ് സവിതയുടെ മരണത്തിന് ഇടയാക്കിയത് എന്നാണ് ആരോപണം.
കത്തോലിക്കാ രാജ്യമായ അയര്‍ലന്‍ഡില്‍ ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാണ്. ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവാദം നല്‍കാത്തതിനെത്തുടര്‍ന്ന് സവിത മരിച്ചത് ലോകമെങ്ങും വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു.