അമ്പയറിന്റെ തീരുമാനത്തോട് വിയോജിക്കുമ്പോഴാണ് ക്രിക്കറ്റില്‍ ഡി.ആര്‍.എസ് എടുക്കുന്നത്. മത്സരത്തിന്റെ ജയപരാജയങ്ങള്‍ പോലും മാറ്റി മറിക്കാന്‍ ഈ തീരുമാനങ്ങള്‍ക്ക് കഴിയുമെന്നതിനാല്‍ വളരെയേറെ മൂര്‍ച്ചയേറിയ ആയുധമായാണ് ഡി.ആര്‍.എസിനെ ആരാധകര്‍ നോക്കിക്കാണുന്നത്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് – അയര്‍ലന്‍ഡ് ടെസ്റ്റ് മത്സരത്തിലെ ഒരു ഡി.ആര്‍.എസാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. അമ്പയറിന്റെ തെറ്റായ തീരുമാനം കൊണ്ടോ റിവ്യൂ എടുക്കാന്‍ ക്യാപ്റ്റന്‍ കാണിച്ച തീരുമാനം കാരണമോ ഒന്നുമല്ല, ഡി.ആര്‍.എസിന് പിന്നാലെയുള്ള ടീം അംഗത്തിന്റെ പ്രവൃത്തി കാരണമാണ് ചര്‍ച്ചയാകുന്നത്.
ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 64ാം ഓവറിലായിരുന്നു സംഭവം. ഇരട്ട സെഞ്ച്വറിക്ക് 18 റണ്‍സകലെ ബെന്‍ ഡക്കറ്റ് പുറത്തായതിന് പിന്നാലെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ജോ റൂട്ട് നാലാമനായി ക്രീസിലെത്തിയിരുന്നു. അയര്‍ലന്‍ഡ് താരം ഗ്രഹാം ഹ്യൂമാണ് പന്തെറിയാനെത്തിയത്.
ഓവറിലെ അഞ്ചാം പന്തില്‍ റൂട്ട് തന്റെ ഐക്കോണിക് റിവേഴ്‌സ് പാഡ്ല്‍ സ്‌കൂപ്പിന് ശ്രമിച്ചെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു. പന്ത് താരത്തിന്റെ കാലില്‍ കൊണ്ടതോടെ അയര്‍ലന്‍ഡ് താരങ്ങള്‍ എല്‍.ബി.ഡബ്ല്യൂവിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍ റൂട്ടിന് അനുകൂലമായി നിലകൊള്ളുകയായിരുന്നു.
അമ്പയറിന്റെ തീരുമാനത്തില്‍ വിയോജിച്ച അയര്‍ലന്‍ഡ് നായകന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണി റിവ്യൂ എടുത്തു. ഡിസിഷന്‍ മൂന്നാം അമ്പയറായിരുന്ന കുമാര്‍ ധര്‍മസേന പരിശോധിക്കുന്ന സമയത്ത് അയര്‍ലന്‍ഡ് ടീം അംഗങ്ങള്‍ ഒന്നുചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ലോര്‍കന്‍ ടക്കര്‍ മാത്രം അവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. അമ്പയറിന്റെ തീരുമാനം പുനപരിശോധിക്കുന്ന സമയത്ത് താരം ടോയ്‌ലെറ്റ് ബ്രേക്ക് എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഡി.ആര്‍.എസിലും റൂട്ട് ഔട്ടല്ല എന്ന് തെളിഞ്ഞതോടെ മത്സരം പുനരാരംഭിക്കുകയായിരുന്നു. തുടര്‍ന്ന് റൂട്ട് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
അയര്‍ലന്‍ഡ് ഉയര്‍ത്തിയ 172 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ 352 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. 524ന് നാല് എന്ന നിലയില്‍ തുടരവെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ഒലി പോപ്പിന്റെ ഇരട്ട സെഞ്ച്വറിയും ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറിയുമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
അതേസമയം, രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച അയര്‍ലന്‍ഡിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ 97 റണ്‍സിന് മൂന്ന് എന്ന നിലയിലാണ് അയര്‍ലന്‍ഡ്.
21 പന്തില്‍ നിന്നും 11 റണ്‍സ് നേടിയ പി.ജെ. മൂര്‍, അഞ്ച് പന്തില്‍ നിന്നും രണ്ട് റണ്‍സ് നേടിയ ആന്‍ഡ്രൂ ബാല്‍ബിര്‍ണി എന്നിവരുടെ വിക്കറ്റാണ് അയര്‍ലന്‍ഡിന് നഷ്ടമായത്. അരങ്ങേറ്റക്കാരനായ ജോഷ് ടങ്ങാണ് വിക്കറ്റ് നേടിയത്. ഇവര്‍ക്ക് പുറമെ ജെയിംസ് മക്കെല്ലം റിട്ടയര്‍ഡ് ഹര്‍ട്ടായും പുറത്തായി.
Content Highlight: Ireland take a funny DRS call to enable a toilet break for Lorcan Tucker