സിംബാബ്‌വേയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ വണ്‍ ഓഫ് ടെസ്റ്റില്‍ ആതിഥേയര്‍ വിജയിച്ചിരുന്നു. ഷെവ്റോണ്‍സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് അയര്‍ലന്‍ഡ് സ്വന്തം മണ്ണിലെ ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കിയത്.
സിംബാബ്‌വേ ഉയര്‍ത്തിയ 158 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അയര്‍ലന്‍ഡ് ആറ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.
ഈ മത്സരം വിജയിച്ചതോടെ ഒരു മോശം നേട്ടവും ചരിത്ര നേട്ടവും അയര്‍ലന്‍ഡിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു.
ടെസ്റ്റ് ഫോര്‍മാറ്റില്‍ 150+ റണ്‍സ് ചെയ്‌സ് ചെയ്ത് വിജയിക്കുന്നതിനിടെ ആദ്യ അഞ്ച് വിക്കറ്റുകള്‍ ഏറ്റവും കുറഞ്ഞ സ്‌കോറില്‍ നഷ്ടപ്പെട്ട ടീം എന്ന നേട്ടമാണ് ഒന്നാമത്തേത്. നേരത്തെ ഇംഗ്ലണ്ടിന്റെ പേരിലായിരുന്നു ഈ നേട്ടം.
1923ലെ ഇംഗ്ലണ്ടിന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലാണ് ഇംഗ്ലണ്ട് ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ വിജയിക്കാന്‍ 173 റണ്‍സ് വേണ്ടിയിരുന്നിപ്പോള്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ അഞ്ച് മുന്‍ നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ഹെര്‍ബി ടെയ്‌ലറിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മത്സരം വിജയിച്ചുകയറുകയായിരുന്നു.
സ്‌കോര്‍
സൗത്ത് ആഫ്രിക്ക: 113 & 242
ഇംഗ്ലണ്ട്: 183 & 173/9 (T:173)
ടെസ്റ്റിലെ സക്‌സസ്ഫുള്‍ 150+ റണ്‍സ് ചെയ്‌സിനിടെ ആദ്യ അഞ്ച് വിക്കറ്റുകള്‍ ഏറ്റവും കുറഞ്ഞ സ്‌കോറില്‍ നഷ്ടപ്പെട്ട ടീം
(ടീം – എതിരാളികള്‍ – അഞ്ചാം വിക്കറ്റ് നഷ്ടപ്പെടുമ്പോഴുള്ള സ്‌കോര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
അയര്‍ലന്‍ഡ് – സിംബാബ്‌വേ – 21 – 2024
ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക – 59- 1923
ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക – 64 – 1948
വെസ്റ്റ് ഇന്‍ഡീസ് – പാകിസ്ഥാന്‍ – 67 – 2016
21/5 എന്ന നിലയില്‍ തോല്‍വി മുമ്പില്‍ കണ്ട ശേഷമാണ് അയര്‍ലന്‍ഡ് വിജയിച്ചുകയറിയത്.
ഇതോടെ മറ്റൊരു നേട്ടവും അയര്‍ലന്‍ഡ് സ്വന്തമാക്കിയിരുന്നു. സ്വന്തം മണ്ണില്‍ ആദ്യ ടെസ്റ്റ് മത്സരം വിജയിക്കാന്‍ ഏറ്റവും കുറവ് മത്സരങ്ങള്‍ കളിച്ച ടീം എന്ന നേട്ടമാണ് അയര്‍ലന്‍ഡ് സ്വന്തമാക്കിയത്. സ്വന്തം മണ്ണില്‍ നടന്ന രണ്ടാം ടെസ്റ്റിലാണ് ഇവര്‍ വിജയം സ്വന്തമാക്കിയത്.
വെസ്റ്റ് ഇന്‍ഡീസ് (3) പാകിസ്ഥാന്‍ (5), ശ്രീലങ്ക (7), സിംബാബ്‌വേ (7), സൗത്ത് ആഫ്രിക്ക (12), ഇന്ത്യ (13), ബംഗ്ലാദേശ് (16), ന്യൂസിലാന്‍ഡ് (22) എന്നിങ്ങനെയാണ് സ്വന്തം മണ്ണില്‍ ആദ്യ ടെസ്റ്റ് വിജയിക്കാന്‍ മറ്റ് ടീമുകള്‍ക്ക് വേണ്ടി വന്ന മത്സരങ്ങള്‍.
നേരത്തെ ആദ്യ ഇന്നിങ്‌സില്‍ സിംബാബ്‌വേ 210 റണ്‍സിന് പുറത്തായിരുന്നു. 152 പന്തില്‍ 74 റണ്‍സ് നേടിയ പ്രിന്‍സ് മസ്വൊറാണ് സിംബാബ്‌വേ നിരയിലെ ടോപ് സ്‌കോറര്‍.
അയര്‍ലാന്‍ഡിനായി ആന്‍ഡി മക്‌ബ്രെയ്ന്‍, ബാരി മക്കാര്‍ത്തി എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും മാര്‍ക്ക് അഡയര്‍ രണ്ട് വിക്കറ്റും നേടി. ക്രയ്ഗ് യങ്, കര്‍ട്ടിസ് കാംഫര്‍ എന്നിവര്‍ ഓരോ വിക്കറ്റും തങ്ങളുടെ പേരില്‍ കുറിച്ചു.
ആദ്യ ഇന്നിങ്സില്‍ അയര്‍ലാന്‍ഡ് 250 റണ്‍സിനാണ് പുറത്തായത്. അയര്‍ലാന്‍ഡിനായി പി.ജെ. മൂര്‍ 105 പന്തില്‍ 79 റണ്‍സ് നേടി ടോപ് സ്‌കോററായി. 11 ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ആന്‍ഡി മാക്ബ്രെയ്ന്‍ 45 പന്തില്‍ 28 റണ്‍സും മാത്യു ഹംഫ്രിസ് 31 പന്തില്‍ 27 റണ്‍സും പോള്‍ സ്റ്റെര്‍ലിങ് 45 പന്തില്‍ 28 റണ്‍സും നേടി നിര്‍ണായകമായി.
ഷെവ്റോണ്‍സിനായി ബ്ലെസിങ് മുസബരാനി, തനക ചിവാംഗ എന്നിവര്‍ മൂന്നു വീതം വിക്കറ്റുകളും തെന്‍ഡായ് ചതാര, ഷോണ്‍ വില്യംസ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.
ആദ്യ ഇന്നിങ്സില്‍ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ സിംബാബ്‌വേ 197 റണ്‍സിന് പുറത്താവുകയായിരുന്നു. മക്ബ്രെയ്ന്‍ നാല് വിക്കറ്റും ക്രെയ്ഗ് യങ്, മാര്‍ക് അഡയര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയും തിളങ്ങിയപ്പോള്‍ സന്ദര്‍ശകര്‍ ചെറിയ ടോട്ടലില്‍ പുറത്തായി.
ഷെവ്റോണ്‍സിനായി ഡിയോന്‍ മയേഴ്സ് 142 പന്തില്‍ 57 റണ്‍സും ഷോണ്‍ വില്യംസ് 65 പന്തില്‍ 40 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.
എന്നാല്‍ അയര്‍ലന്‍ഡ് വിജയം ലക്ഷ്യമിട്ട് തിരിച്ചടിച്ചപ്പോള്‍ പരാജയപ്പെടാന്‍ മാത്രമാണ് സിംബാബ്‌വേക്ക് സാധിച്ചത്.
Content highlight: Ireland scripted several records against Zimbabwe