അടയാളപ്പെടുത്തുക കാലമേ... ചരിത്രത്തിലെ ആദ്യ ടെസ്റ്റ് വിജയം; ഇന്ത്യയെ പോലും പിന്നിലാക്കിയ ഐതിഹാസിക നേട്ടത്തില്‍ അയര്‍ലന്‍ഡ്
Sports News
അടയാളപ്പെടുത്തുക കാലമേ... ചരിത്രത്തിലെ ആദ്യ ടെസ്റ്റ് വിജയം; ഇന്ത്യയെ പോലും പിന്നിലാക്കിയ ഐതിഹാസിക നേട്ടത്തില്‍ അയര്‍ലന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd March 2024, 7:46 am

തങ്ങളുടെ ടെസ്റ്റ് ചരിത്രത്തിലെ ആദ്യ വിജയം സ്വന്തമാക്കി അയര്‍ലന്‍ഡ്. അഫ്ഗാനിസ്ഥാനെതിരായ വണ്‍ ഓഫ് ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയാണ് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അയര്‍ലന്‍ഡ് തങ്ങളുടെ വരവറിയിച്ചത്. ടോളറന്‍സ് ഓവലില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ടീം ക്ലോവര്‍ലീഫ് വിജയിച്ചുകയറിയത്.

സ്‌കോര്‍

അഫ്ഗാനിസ്ഥാന്‍ – 155 & 218

അയര്‍ലന്‍ഡ് – (T: 111) 263 & 111/4

 

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ ആദ്യ ഇന്നിങ്‌സില്‍ ഇബ്രാഹിം സദ്രാന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പിടിച്ചുനിന്നത്. സദ്രാന്‍ 83 പന്തില്‍ 53 റണ്‍സ് നേടി പുറത്തായി.

സദ്രാന് പുറമെ 78 പന്ത് നേരിട്ട് പുറത്താകാതെ 41 റണ്‍സടിച്ച കരീം ജന്നത്താണ് സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ അഫ്ഗാനിസ്ഥാന്‍ നിരയില്‍ നിര്‍ണായകമായത്. 44 പന്തില്‍ 20 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹസ്രത്തുള്ള സസായ് ആണ് മൂന്നാമത്തെ മികച്ച റണ്‍ ഗെറ്റര്‍.

ആദ്യ ഇന്നിങ്‌സില്‍ സൂപ്പര്‍ താരം മാര്‍ക് അഡയറിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് അയര്‍ലന്‍ഡിന് തുണയായത്. അഞ്ച് മെയ്ഡനടക്കം 16.5 ഓവറില്‍ 39 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്. നൂര്‍ അലി, റഹ്‌മത് ഷാ, റഹ്‌മാനുള്ള ഗുര്‍ബാസ്, സിയാ ഉര്‍ റഹ്‌മാന്‍, സഹീര്‍ ഖാന്‍ എന്നിവരെയാണ് ആദ്യ ഇന്നിങ്‌സില്‍ അഡയര്‍ പുറത്താക്കിയത്.

അഡയറിന് പുറമെ കര്‍ട്ടിസ് കാംഫറും ക്രെയ്ഗ് യങ്ങും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ബാരി മക്കാര്‍ത്തിയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

ആദ്യ ഇന്നിങ്‌സില്‍ പോള്‍ സ്‌റ്റെര്‍ലിങ്ങിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഐറിഷ് പട സ്‌കോര്‍ ഉയര്‍ത്തിയത്. 89 പന്തില്‍ 52 റണ്‍സാണ് താരം നേടിയത്. കര്‍ട്ടിസ് കാംഫര്‍ (64 പന്തില്‍ 49), വിക്കറ്റ് കീപ്പര്‍ ലോര്‍കന്‍ ടക്കര്‍ (105 പന്തില്‍ 46), ആന്‍ഡി മാക്ബിര്‍ണി (74 പന്തില്‍ 38), ഹാരി ടെക്ടര്‍ (73 പന്തില്‍ 32) എന്നിവരാണ് അയര്‌ലന്‍ഡിനായി സ്‌കോര്‍ ഉയര്‍ത്തിയ മറ്റ് താരങ്ങള്‍.

ഒടുവില്‍ ആദ്യ ഇന്നിങ്‌സില്‍ 263ന് അയര്‍ലന്‍ഡ് പോരാട്ടം അവസാനിപ്പിച്ചു.

108 റണ്‍സിന്റെ കടവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദിയുടെയും റഹ്‌മാനുള്ള ഗുര്‍ബാസിന്റെയും ഇന്നിങ്‌സിന്റെ കരുത്തില്‍ സ്‌കോര്‍ ഉയര്‍ത്തി. സസായ് 107 പന്തില്‍ 55 റണ്‍സ് നേടിയപ്പോള്‍ 85 പന്തില്‍ 46 റണ്‍സാണ് ഗുര്‍ബാസ് നേടിയത്.

നൂര്‍ അലി (72 പന്തില്‍ 32), നവീദ് സദ്രാന്‍ (53 പന്തില്‍ 25) എന്നിവരും തങ്ങളുടേതായ സംഭാവന നല്‍കിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 218 റണ്‍സ് നേടുകയും 111 റണ്‍സിന്റെ വിജയലക്ഷ്യം അയര്‍ലന്‍ഡിന് മുമ്പില്‍ വെക്കുകയുമായിരുന്നു.

ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയുടെ കരുത്തില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്ന അയര്‍ലന്‍ഡ് അവരുടെ റെഡ് ബോള്‍ ചരിത്രത്തിലെ ആദ്യ വിജയവും സ്വന്തമാക്കി.

ഈ വിജയത്തിന് പിന്നാലെ പല ടെസ്റ്റ് പ്ലെയിങ് ടീമുകളെ മറികടക്കാനും അയര്‍ലന്‍ഡിനായി. ആദ്യ ടെസ്റ്റ് വിജയത്തിന് ഏറ്റവും കുറവ് മത്സരങ്ങള്‍ കളിച്ച ടീമുകളുടെ പട്ടികയിലാണ് അയര്‍ലന്‍ഡ് ഇന്ത്യയെ അടക്കം മറികടന്ന് സ്ഥാനം പിടിച്ചത്.

കളിച്ച എട്ടാം മത്സത്തിലാണ് അയര്‍ലന്‍ഡ് തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കിയത്. സിംബാബ്‌വേ (11 മത്സരങ്ങള്‍), സൗത്ത് ആഫ്രിക്ക (12), ശ്രീലങ്ക (14), ഇന്ത്യ (25), ബംഗ്ലാദേശ് (35), ന്യൂസിലാന്‍ഡ് (45) എന്നിവരെയെല്ലാം മറികടന്നാണ് ഐറിഷ് വാറിയേഴ്‌സിന്റെ വിജയം.

 

Content Highlight: Ireland registers their 1st ever test win in the history