| Thursday, 11th December 2014, 11:53 am

ജല നികുതിയ്‌ക്കെതിരെ അയര്‍ലണ്ടില്‍ പ്രതിഷേധം ശക്തം: റാലിയില്‍ പങ്കെടുത്തത് 30,000 പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡബ്ലിന്‍: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള ജലവിതരണത്തിന് പുതിയ നികുതി ചുമത്തിയ നടപടിയ്‌ക്കെതിരെ ഡബ്ലിനില്‍ ആയിരങ്ങള്‍ പ്രതിഷേധിച്ചു. ബുധനാഴ്ച നടന്ന പ്രതിഷേധ റാലിയില്‍ 30,000 ആളുകള്‍ പങ്കെടുത്തെന്നാണ് പോലീസ് പറയുന്നത്. “റൈറ്റ് ടു വാട്ടര്‍” എന്ന പേരിലാണ് റാലി സംഘടിപ്പിച്ചത്.

അയര്‍ലണ്ട് പ്രധാനമന്ത്രി എന്‍ഡ് കെന്നിയുടെ ഓഫീസിന് പുറത്തുള്ള മൈതാനത്തിലായിരുന്നു പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയത്.

അയര്‍ലണ്ട് പാര്‍ലമെന്റ് കെട്ടിടത്തിന്റെ കവാടത്തിനു മുന്നില്‍ തിങ്ങിക്കൂടിയ പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും പോലീസിനുനേരെ എറിയുകയും ചെയ്തു. ആക്രമണത്തില്‍ പരുക്കേറ്റ ഒരു പോലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വൈകുന്നേരം ഒരു സംഘം പ്രതിഷേധക്കാര്‍ പ്രധാന റോഡുകളും ലിഫി റിവറിന് മുകളിലൂടെയുള്ള പാലവും തടഞ്ഞു. ഇത് മൂന്നുമണിക്കൂറിലധികം ട്രാഫിക് ബ്ലോക്കുണ്ടാക്കി. പലയാത്രക്കാരും വാഹനം ഉപേക്ഷിച്ച് നടന്നുപോകേണ്ട സ്ഥിതിയും വന്നു.

അടിസ്ഥാന നികുതി ഏര്‍പ്പെടുത്താതെയായിരുന്നു അയര്‍ലണ്ടില്‍ ജലം വിറ്റിരുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതുള്ള ചിലവിലേക്കായി ജനങ്ങള്‍ ജലത്തിന് നികുതി നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

ഈ വര്‍ഷം ഒക്ടോബറിലാണ് ജലത്തിന് നികുതി ഏര്‍പ്പെടുത്തിയത്. ഇത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചതോടെ നികുതി നിരക്ക് ഗണ്യമായി കുറിച്ചിരുന്നു. എന്നാല്‍ നിരക്ക് പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്.

We use cookies to give you the best possible experience. Learn more