|

15 ഫോര്‍, 8 സിക്‌സര്‍, 134 പന്തില്‍ 162; ബല്ലാത്ത ഒരു അടിയും ബല്ലാത്ത ഒരു വിജയവും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വേള്‍ഡ് കപ്പ് ക്വാളി ഫയര്‍ മത്സരത്തില്‍ ആശ്വാസ ജയം നേടി അയര്‍ലന്‍ഡ്. കഴിഞ്ഞ ദിവസം ഗ്രൂപ്പ് ബിയില്‍ യു.എ.ഇക്കെതിരെ നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് അയര്‍ലന്‍ഡ് വിജയം സ്വന്തമാക്കിയത്. ക്വാളിഫയറില്‍ ഐറിഷ് പടയുടെ ആദ്യ വിജയമാണിത്.

വിജയം കൊണ്ട് അയര്‍ലന്‍ഡിന്റെ വിധിയില്‍ മാറ്റമൊന്നും വരില്ലെങ്കിലും അവസാന മത്സരത്തില്‍ പ്യുവര്‍ എന്റര്‍ടെയ്ന്‍മെന്റ് സമ്മാനിച്ചാണ് ടീം ക്ലോവര്‍ലീഫ് മടങ്ങിയത്. അവസാന മത്സരത്തില്‍ 138 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് അയര്‍ലന്‍ഡ് നേടിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് മോശമല്ലാത്ത തുടക്കം ലഭിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ ആന്‍ഡി മാക്‌ബ്രെയ്‌നും പോള്‍ സ്‌റ്റെര്‍ലിങ്ങും ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 പന്തില്‍ നിന്നും 24 റണ്‍സ് നേടിയ മാക്‌ബ്രെയ്‌നിന്റെ വിക്കറ്റാണ് അയര്‍ലന്‍ഡിന് ആദ്യം നഷ്ടമായത്.

വണ്‍ ഡൗണായി ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയെത്തിയതോടെ കളി മാറി. സ്‌റ്റെര്‍ലിങ്ങും ബാല്‍ബിര്‍ണിയും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. 41ല്‍ ക്രീസിലെത്തിയ ആ കൂട്ടുകെട്ട് പിരിയുന്നത് 225ലാണ്. 88 പന്തില്‍ നിന്നും 66 റണ്‍സ് നേടിയ ക്യാപ്റ്റന്റെ വിക്കറ്റാണ് അയര്‍ലന്‍ഡിന് നഷ്ടമായത്.

പിന്നാലെയെത്തിയ വിക്കറ്റ് കീപ്പര്‍ ഹാരി ടെക്ടറിനെ ഒപ്പം കൂട്ടിയും സ്റ്റെര്‍ലിങ് സ്‌കോര്‍ ഉയര്‍ത്തി. ഒടുവില്‍ ടീം സ്‌കോര്‍ 282ല്‍ നില്‍ക്കവെ മൂന്നാം വിക്കറ്റായി പോള്‍ സ്‌റ്റെര്‍ലിങ്ങും മടങ്ങി. 15 ബൗണ്ടറിയും എട്ട് സിക്‌സറും അടക്കം 134 പന്തില്‍ 162 റണ്‍സ് നേടിയാണ് സ്റ്റെര്‍ലിങ് പുറത്തായത്. 120.90 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.

ഹാരി ടെസ്‌കറും അര്‍ധ സെഞ്ച്വറി (33 പന്തില്‍ 57) പൂര്‍ത്തിയാക്കിയതോടെ അയര്‍ലന്‍ഡ് സ്‌കോര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 349ലേക്കുയര്‍ന്നു.

യു.എ.ഇക്കായി സഞ്ചിത് ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അലി നസീര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

ഒരു ഓവറില്‍ ഏഴ് എന്ന റിക്വയേര്‍ഡ് റണ്‍ റേറ്റുമായി കളത്തിലിറങ്ങിയ യു.എ.ഇക്ക് ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ സാധിച്ചെങ്കിലും ആ ഡൊമിനന്‍സ് മത്സരത്തിലുടനീളം പുലര്‍ത്താന്‍ സാധിക്കാതെ വന്നതോടെ അറേബ്യന്‍ കരുത്തര്‍ തോല്‍വിയറിഞ്ഞു.

ക്യാപ്റ്റന്‍ മുഹമ്മദ് വസീം (32 പന്തില്‍ 45), സഞ്ചിത് ശര്‍മ (54 പന്തില്‍ 44), ബേസില്‍ ഹമീദ് (52 പന്തില്‍ 39) എന്നിവര്‍ മാത്രമാണ് ഒരു ചെറുത്ത് നില്‍പിനെങ്കിലും ശ്രമിച്ചത്.

ഒടുവില്‍ 39 ഓവറില്‍ യു.എ.ഇ 211 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ 138 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം ബാല്‍ബിര്‍ണിയും സംഘവും സ്വന്തമാക്കി.

അയര്‍ലന്‍ഡിനായി ആന്‍ഡി മാക്‌ബ്രെയ്ന്‍, ജോര്‍ജ് ഡോക്രെല്‍, ജോഷ്വാ ലിറ്റില്‍, കര്‍ടിസ് കാംഫര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബാരി മക്കാര്‍ത്തി ഒരു വിക്കറ്റും സ്വന്തമാക്കി.

ബ്രൂപ്പ് ബിയില്‍ ഇരുവര്‍ക്കും സൂപ്പര്‍ സിക്‌സിലേക്ക് യോഗ്യത നേടാന്‍ സാധിച്ചില്ല. നാല് മത്സരത്തില്‍ ഒരെണ്ണം മാത്രം അയര്‍ലന്‍ഡ് സ്റ്റാന്‍ഡിങ്‌സില്‍ നാലാം സ്ഥാനത്തും എല്ലാ മത്സരത്തിലും പരാജയപ്പെട്ട യു.എ.ഇ അഞ്ചാം സ്ഥാനത്തുമാണ്.

Content Highlight: Ireland defeats UAE in ICC World Cup qualifier