ടെസ്റ്റിൽ ഇന്ത്യക്ക് പോലുമില്ല ഇങ്ങനെയൊരു നേട്ടം; ഒറ്റ ജയത്തിൽ ചരിത്രംകുറിച്ച് ഐറിഷ്പട
Cricket
ടെസ്റ്റിൽ ഇന്ത്യക്ക് പോലുമില്ല ഇങ്ങനെയൊരു നേട്ടം; ഒറ്റ ജയത്തിൽ ചരിത്രംകുറിച്ച് ഐറിഷ്പട
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th July 2024, 1:00 pm

സിംബാബ്‌വേക്കെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിന്റെ പരമ്പര സ്വന്തമാക്കി അയര്‍ലാന്‍ഡ്. സിംബാബ്വേയെ നാലു വിക്കറ്റുകള്‍ക്കാണ് ഐറിഷ് പട പരാജയപ്പെടുത്തിയത്. സിംബാബ്‌വേ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം അയര്‍ലാന്‍ഡ് നാല് വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ മറികടക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ അയര്‍ലാന്‍ഡ് തുടക്കത്തില്‍ തന്നെ തകര്‍ന്നടിയുകയായിരുന്നു. 21 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ ആയിരുന്നു അയര്‍ലാന്‍ഡിന് നഷ്ടമായത്. ഇവിടെനിന്നും അയര്‍ലാന്‍ഡ് ശക്തമായി തിരിച്ചുവന്നുകൊണ്ട് മത്സരത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ലോര്‍ക്കന്‍ ടെക്കറിന്റെയും ആന്‍ഡി മക്ബ്രയ്നിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് അയര്‍ലാന്‍ഡ് വിജയം സ്വന്തമാക്കിയത്. 64 പന്തില്‍ പത്ത് ഫോറുകള്‍ പായിച്ചുകൊണ്ട് 56 റണ്‍സാണ് ടെക്കര്‍ നേടിയത്.

82 പന്തില്‍ പുറത്താവാതെ 55 റണ്‍സുമാണ് മക്ബ്രയിന്‍ നേടിയത്. അഞ്ച് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 38 പന്തില്‍ പുറത്താവാതെ 24 റണ്‍സ് നേടിയ മാര്‍ക്ക് അഡയറും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് അയര്‍ലാന്‍ഡ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ നിന്നും ആദ്യ ഹോം മത്സരം വിജയിക്കുന്ന ടീമായി മാറാനാണ് അയര്‍ലാന്‍ഡിന് സാധിച്ചത്. സ്വന്തം മണ്ണില്‍ തങ്ങളുടെ രണ്ടാം ടെസ്റ്റ് മത്സരത്തിലാണ് ഐറിഷ് പട തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് വെസ്റ്റ് ഇന്‍ഡീസ് ആയിരുന്നു. സ്വന്തം തട്ടകത്തില്‍ ആദ്യ ടെസ്റ്റ് മത്സരം വിജയിക്കാന്‍ മൂന്നു മത്സരങ്ങള്‍ ആയിരുന്നു കരീബിയന്‍ പടക്ക് ആവശ്യമായി വന്നത്. ഇവര്‍ക്ക് പുറകില്‍ പാകിസ്ഥാന്‍ (5), ശ്രീലങ്ക (7), സിംബാബ് വേ (7), സൗത്ത് ആഫ്രിക്ക (12), ഇന്ത്യ (13), ബംഗ്ലാദേശ് (16), ന്യൂസിലാന്‍ഡ്(22) എന്നീ ടീമുകളുമാണ് ഉള്ളത്.

രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത സിംബാബ്വേ 197 റണ്‍സിന് പുറത്താവുകയായിരുന്നു. മക്ബര്‍ഗ് നാല് വിക്കറ്റും ക്രയ്ഗ് യങ്, മാര്‍ക്ക് അഡയര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയും തിളങ്ങിയപ്പോള്‍ സിംബാബ് വേ ഇന്നിങ്സ് ചെറിയ ടോട്ടലില്‍ അവസാനിക്കുകയായിരുന്നു.

സിംബാബ്വേക്കായി ഡിയോന്‍ മയേഴ്സ് 142 പന്തില്‍ 57 റണ്‍സും സീന്‍ വില്യംസ് 65 പന്തില്‍ 40 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

ആദ്യ ഇന്നിങ്‌സില്‍ സിംബാബ്‌വേ 210 റണ്‍സിന് പുറത്താവുകയായിരുന്നു. 152 പന്തില്‍ 74 റണ്‍സ് നേടിയ പ്രിന്‍സ് മസ്വൊര്‍ ആണ്സിംബാബ്വേ നിരയിലെ ടോപ് സ്‌കോറര്‍. എട്ട് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

അയര്‍ലാന്‍ഡ് ബൗളിങ്ങില്‍ ആന്‍ഡി മക്‌ബ്രെയിന്‍, ബാരി മക്കാര്‍ത്തി എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും മാര്‍ക്ക് അഡയര്‍ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനമാണ് നടത്തിയത്. ക്രയ്ഗ് യങ്, കര്‍ട്ടിസ് കാംഫര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഒന്നാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് 250 റണ്‍സിന് പുറത്താവുകയായിരുന്നു. അയര്‍ലാന്‍ഡിനായി പിജെ മൂര്‍ 105 പന്തില്‍ 79 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 11 ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ആന്‍ഡി 45 പന്തില്‍ 28 റണ്‍സും മാത്യു ഹംഫ്രിസ് 31 പന്തില്‍ 27 റണ്‍സും പോള്‍ സ്റ്റെര്‍ലിങ് 45 പന്തില്‍ 28 റണ്‍സും നേടി നിര്‍ണായകമായി.

സിംബാബ്വേ ബൗളിങ്ങില്‍ ബ്ലെസിങ് മുസാറബാനിയ, തനക ചിവംഗ എന്നിവര്‍ മൂന്നു വീതം വിക്കറ്റുകളും തെണ്ടൈ ചതാര, സീന്‍ വില്യംസ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.

 

Content Highlight: Ireland Create a New Record in Test