മുന്‍ റഗ്ബി താരം റോസ് അഡയറിന്റെ പ്രകടനത്തില്‍ സിംബാബ്‌വേയെ ആറ് വിക്കറ്റിന് തകര്‍ത്ത് അയര്‍ലന്‍ഡ്. സിംബാബ്‌വേ – അയര്‍ലന്‍ഡ് ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് അഡയറിന്റെ കരുത്തില്‍ ഷെവ്‌റോണ്‍സിനെ തോല്‍പിച്ച് ഐറിഷ് പട സീരീസില്‍ ഒപ്പമെത്തിയത്.
റഗ്ബിയില്‍ അല്‍സ്റ്ററിന്റെയും ജേഴ്‌സി റെഡ്‌സിന്റെയും താരമായിരുന്ന അഡയറിന്റെ ബാറ്റിങ് കരുത്തിലാണ് ആറ് വിക്കറ്റും രണ്ട് പന്തും ബാക്കി നില്‍ക്കെ അയര്‍ലന്‍ഡ് വിജയം പിടിച്ചടക്കിയത്.
ടോസ് നേടിയ അയര്‍ലന്‍ഡ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍ താഡിവാഷെ മരുമാനിയെ തുടക്കത്തിലേ നഷ്ടപ്പെട്ട ഷെവ്‌റോണ്‍സ് രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കി.
ഓപ്പണര്‍ ഇന്നസെന്റ് കായയും ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിനും ചേര്‍ന്നാണ് സിംബാബ്‌വേ സ്‌കോറിങ്ങിന് അടിത്തറയിട്ടത്. കായ 14 പന്തില്‍ നിന്നും 20 റണ്‍സ് നേടി പുറത്തായപ്പോള്‍ ഇര്‍വിന്‍ 40 പന്തില്‍ നിന്നും 42 റണ്‍സും നേടി.
പിന്നീട് ക്രീസിലെത്തിയ പലര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയി. സീന്‍ വില്യംസ് (19), റിയാന്‍ ബേള്‍ (15), ബ്രാഡ് ഇവാന്‍സ് (11) എന്നിവരാണ് സിംബാബ്‌വേയുടെ മറ്റ് സ്‌കോറര്‍മാര്‍.
ഒടുവില്‍ നിശ്ചിത ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് സിംബാബ്‌വേ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയും റോസ് അഡയറുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ടീം സ്‌കോര്‍ 48ല്‍ നില്‍ക്കവെ ക്യാപ്റ്റനെ നഷ്ടമായെങ്കിലും അഡയര്‍ ആഞ്ഞടിച്ചുകൊണ്ടിരുന്നു.
ക്യാപ്റ്റന് പിന്നാലെ വിക്കറ്റ് കീപ്പര്‍ ഡോനി നാല് പന്തില്‍ നിന്നും രണ്ട് റണ്‍സ് മാത്രം നേടി പുറത്തായപ്പോള്‍ പിന്നാലെയെത്തിയ ഹാരി ടെക്ടറെ കൂട്ടുപിടിച്ച് അഡയര്‍ സ്‌കോര്‍ ഉയര്‍ത്തി. ഒടുവില്‍ ടീം സ്‌കോര്‍ 119ലും വ്യക്തിഗത സ്‌കോര്‍ 65ലും നില്‍ക്കവെയാണ് അഡയര്‍ പുറത്തായത്.
ഒടുവില്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ ഐറിഷ് പട വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒപ്പമെത്താനും അയര്‍ലന്‍ഡിനായി.