അയര്‍ലാന്‍ഡ്-സൗത്ത് ആഫ്രിക്ക രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പര സമനിലയില്‍ പിരിഞ്ഞു. രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഓരോ വിജയങ്ങളാണ് സ്വന്തമാക്കിയത്. പരമ്പരയിലെ അവസാന മത്സരത്തില്‍ പത്ത് റണ്‍സിനാണ് ഐറിഷ് പട സൗത്ത് ആഫ്രിക്കയെ വീഴ്ത്തിയത്. ചരിത്രത്തില്‍ ഇതാദ്യമായാണ് അയര്‍ലാന്‍ഡ് ടി-20യില്‍ പ്രോട്ടിയാസിനെ പരാജയപ്പെടുത്തുന്നത്.
ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് സെഞ്ച്വറി നേടിയ റോസ് അഡയറിന്റെ കരുത്തിലാണ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 58 പന്തില്‍ 100 റണ്‍സ് നേടിയാണ് അഡയര്‍ തിളങ്ങിയത്. അഞ്ച് ഫോറുകളും ഒമ്പത് കൂറ്റന്‍ സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ പോള്‍ സ്റ്റെര്‍ലിങ്ങും നിര്‍ണായകമായി. 31 പന്തില്‍ 52 റണ്‍സാണ് സ്റ്റെര്‍ലിങ് നേടിയത്. ഏഴ് ഫോറുകളും ഒരു സിക്‌സുമാണ് അയര്‍ലാന്‍ഡ് ക്യാപ്റ്റന്‍ അടിച്ചെടുത്തത്.
സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങില്‍ വിയാന്‍ മള്‍ഡര്‍ രണ്ട് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ലുങ്കി എന്‍കിഡി, ലിസാദ് വില്യംസ്, പാട്രിക് ക്രൂഗര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
അയര്‍ലാന്‍ഡിനായി ബൗളിങ്ങിലും അഡയര്‍ മികച്ച പ്രകടനമാണ് നടത്തിയത്. നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അഡയറിന് പുറമെ ഗ്രഹാം ഹ്യൂ മൂന്ന് വിക്കറ്റും മാത്യു ഹംഫ്രിസ്, ബെഞ്ചമിന്‍ വൈറ്റ് എന്നിവര്‍ ഓരോ വിക്കറ്റും നേടി വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു.
പ്രോട്ടീയാസിന് വേണ്ടി റീസ ഹെന്‍ഡ്രിക്‌സ്, മാത്യു ബ്രീറ്റ്‌സ്‌കെ എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി. ഇരുവരും 51 റണ്‍സ് വീതമാണ് നേടിയത്. റീസ ആറ് ഫോറുകളും ഒരു സിക്‌സും നേടിയപ്പോള്‍ മാത്യു മൂന്ന് ഫോറുകളും രണ്ട് സിക്‌സുകളും അടിച്ചെടുത്തു.
അതേസമയം ഇനി ഇരുടീമുകളും തമ്മിലുള്ള ഏകദിന മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബര്‍ രണ്ടിനാണ് നടക്കുന്നത്. ഷെയ്ഖ് സായിദ് സ്റ്റേഡിയമാണ് വേദി.
Content Highlight: Ireland Beat South Africa First Time in T20 History