റിഗ: ലാറ്റ്‌വിയയില്‍ നടന്ന യൂറോബാസ്‌ക്കറ്റ് 2025ന്റെ യോഗ്യതാ മത്സരത്തിനിടെ ഇസ്രഈല്‍ ടീമിന് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ച് അയര്‍ലന്‍ഡ് ടീം. എതിരാളികള്‍ സെമറ്റിക് വിരുദ്ധരെന്ന ഇസ്രഈല്‍ താരം ഡോര്‍ സാറിന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് ഐറിഷ് ടീം ഷേക്ക് ഹാന്‍ഡിന് വിസമ്മതിച്ചത്.
മത്സരത്തിന്റെ ഇടവേളകളില്‍ എതിര്‍ ടീം അംഗങ്ങള്‍ പരസ്പരം സമ്മാനങ്ങളും ഹാന്‍ഡ് ഷേക്കും നല്‍കുന്നത് പതിവാണ്. എന്നാല്‍ തങ്ങള്‍ ഗെയിമിന് മുമ്പോ ശേഷമോ ഔപചാരികമായ ഹാന്‍ഡ് ഷേക്കില്‍ പങ്കെടുക്കില്ലെന്നാണ് ഐറിഷ് ടീം പ്രഖ്യാപിച്ചത്.
മത്സരത്തിന് മുമ്പ് ഇരു ടീമിന്റെയും ദേശീയ ഗാനം ആലപിക്കുമ്പോഴും മുഖാമുഖം വരാതെ ഐറിഷ് ടീം സൈഡ് ബെഞ്ചിന് സമീപത്തായിരുന്നു നിലകൊണ്ടത്.
Irish basketball players protest the Gaza Genocide by refusing to shake hands with the Israeli team pic.twitter.com/mmz03jbBU1
— HOT SPOT (@HotSpotHotSpot) February 8, 2024
ചൊവ്വാഴ്ച ഇസ്രഈല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ ഡോര്‍ സാറുമായി നടത്തിയ അഭിമുഖത്തിലായിരുന്നു താരം എതിരാളികളെ ആന്റി സെമറ്റിക് എന്ന് വിളിച്ചത്.
‘അവര്‍ തികച്ചും സെമിറ്റിക് വിരുദ്ധരാണെന്ന് അറിയാം, അത് രഹസ്യമായ കാര്യമല്ല, അതുകൊണ്ടായിരിക്കാം ശക്തമായ മത്സരം പ്രതീക്ഷിക്കുന്നത്,’ സാര്‍ പറഞ്ഞു.
‘ഞങ്ങള്‍ അതിനെക്കുറിച്ച് ഞങ്ങള്‍ക്കിടയില്‍ തന്നെ സംസാരിക്കുന്നു. അവര്‍ക്ക് ഞങ്ങളെ ഇഷ്ടമല്ലെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ മൈതാനത്ത് ഞങ്ങള്‍ ഇത് പ്രകടിപ്പിക്കില്ല,’ എന്നാണ് ഡോര്‍ സാര്‍ പറഞ്ഞത്.
ഇസ്രഈല്‍ താരത്തിന്റെ പ്രസ്താവനകള്‍ക്ക് പിന്നാലെ അയര്‍ലന്‍ഡിന്റെ ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്‍ ഇന്റര്‍നാഷല്‍ ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷനില്‍ (ഫിബ) പരാതി നല്‍കി. പൂര്‍ണമായും കൃത്യമല്ലാത്തത് എന്നാണ് അയര്‍ലന്‍ഡ് സാറിന്റെ പ്രസ്താവനയെ കുറിച്ച് പ്രതികരിച്ചത്.
ഇതിന് പിന്നാലെ മത്സരത്തില്‍ നിന്നും പിന്‍മാറുന്നതിനായി അയര്‍ലന്‍ഡ് ടീം ഫിബയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഐറിഷ് ടീമിന് 195,000 ഡോളര്‍ വരെ പിഴ ചുമത്തപ്പെടാമെന്നും യൂറോബാസ്‌ക്കറ്റിന്റെ രണ്ട് സീസണില്‍ (2025, 2027) വിലക്ക് നേരിടേണ്ടി വരുമെന്നും ഫിബ മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെയാണ് ഐറിഷ് ടീം കളത്തിലിറങ്ങിയത്.
മത്സരത്തില്‍ 87-57 എന്ന സ്‌കോറില്‍ ഇസ്രഈല്‍ വിജയിച്ചു. സന്ദര്‍ശക ടീമിന്റെ ഭാഗത്ത് നിന്നും സ്‌പോര്‍ട്‌സമാന്‍സ്പിരിറ്റ് ഇല്ലാത്ത പ്രവൃത്തികള്‍ ഉണ്ടായിരുന്നിട്ടും തങ്ങള്‍ വിജയം നേടിയെന്ന് ഇസ്രഈല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചു.
Content Highlight: Ireland Basket Ball team refuses to shake hand with Israel team