ക്യാപ്റ്റനായി 'അയര്‍ലന്‍ഡ് മോഹന്‍ലാല്‍' 🤩, ലക്ഷ്യം 2024 ലോകകപ്പ്; പടയൊരുക്കം തുടങ്ങി ഐറിഷ് പട 🔥
T20 world cup
ക്യാപ്റ്റനായി 'അയര്‍ലന്‍ഡ് മോഹന്‍ലാല്‍' 🤩, ലക്ഷ്യം 2024 ലോകകപ്പ്; പടയൊരുക്കം തുടങ്ങി ഐറിഷ് പട 🔥
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th July 2023, 8:49 am

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐ.സി.സി ടി-20 ലോകകപ്പിന്റെ ക്വാളിഫയര്‍ ഘട്ടത്തിനുള്ള ടീം പ്രഖ്യാപിച്ച് അയര്‍ലന്‍ഡ്. സൂപ്പര്‍ താരം പോള്‍ സ്‌റ്റെര്‍ലിങ്ങിനെ നായകനാക്കിയാണ് അയര്‍ലന്‍ഡ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

ആന്‍ഡ്രൂ ബാല്‍ബിര്‍ണി, മാര്‍ക് അഡയര്‍, ജോഷ് ലിറ്റില്‍, കര്‍ട്ടിസ് കാംഫര്‍ എന്നിവരടക്കമുള്ള ശക്തമായ ടീമിനെയാണ് ഐറിഷ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഏകദിന ലോകകപ്പ് ക്വാളിഫയറിലെ മോശം പ്രകടനത്തിന് മറുപടി നല്‍കാന്‍ കൂടി വേണ്ടിയാണ് ടി-20 ലോകകപ്പ് ക്വാളിഫയറില്‍ അയര്‍ലാന്‍ഡ് ഒരുങ്ങുന്നത്.

 

2024 ടി-20 ലോകകപ്പ് ക്വാളിഫയറിനുള്ള അയര്‍ലന്‍ഡ് സ്‌ക്വാഡ്

പോള്‍ സ്‌റ്റെര്‍ലിങ് (ക്യാപ്റ്റന്‍), മാര്‍ക് അഡയര്‍, റോസ് അഡയര്‍, ആന്‍ഡ്രൂ ബാല്‍ബിര്‍ണി, കര്‍ട്ടിസ് കാംഫര്‍, ഗാരെത് ഡെലാനി, ജോര്‍ജ് ഡോക്രെല്‍, ഗ്രഹാം ഹ്യൂം, ജോഷ് ലിറ്റില്‍, ബാരി മക്കാര്‍ത്തി, നീല്‍ റോക്ക്, ഹാരി ടെക്ടര്‍, ലോര്‍കന്‍ ടക്കര്‍, ബെന്‍ വൈറ്റ്, ക്രെയ്ഗ് യങ്.

ജൂലൈ 20നാണ് ക്വാളിഫയറില്‍ അയര്‍ലന്‍ഡിന്റെ ആദ്യ മത്സരം. ഇറ്റലിയാണ് എതിരാളികള്‍.

ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്, ജര്‍മനി, അയര്‍ലാന്‍ഡ്, ഇറ്റലി, ജേര്‍സി, സ്‌കേീട്‌ലാന്‍ഡ് എന്നിവരാണ് യൂറോപ്പ് ക്വാളിഫയറിലെ ടീമുകള്‍.

 

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ 20 ടീമുകളാണ് മത്സരിക്കുന്നത്. അഞ്ച് ടീമുകളടങ്ങിയ നാല് ഗ്രൂപ്പുകളാണ് മത്സരത്തിലുണ്ടാവുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ 8ലേക്ക് യോഗ്യത നേടും.

12 ടീമുകളാണ് ഇതുവരെ ലോകകപ്പിന് യോഗ്യത നേടിയത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ 2022 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലും 2024ലെ ലോകകപ്പിന് യോഗ്യത നേടി.

ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ എന്ന നിലയിലാണ് അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും ലോകകപ്പ് കളിക്കാന്‍ ഒരുങ്ങുന്നത്.

ഇവര്‍ക്ക് പുറമെ ആഫ്രിക്കന്‍ ക്വാളിഫര്‍, ഏഷ്യന്‍ ക്വാളിഫയര്‍, യൂറോപ്പ് ക്വാളിഫയര്‍ എന്നീ യോഗ്യതാ ഘട്ടങ്ങളില്‍ നിന്ന് രണ്ട് വീതം ടീമുകളും അമേരിക്കാസ് ക്വാളിഫയര്‍, ഏഷ്യാ പസഫിക് ക്വാളിഫയര്‍ എന്നീ യോഗ്യത ടൂര്‍ണമെന്റുകളില്‍ നിന്നും ഓരോ ടീമുകളും ലോകകപ്പിനെത്തും.

അതേസമയം, ഐ.സി.സി ഏകദിന ലോകകപ്പിന് യോഗ്യത നേടാന്‍ അയര്‍ലാന്‍ഡിന് സാധിച്ചിരുന്നില്ല. ക്വാളിഫയറിലെ മോശം പ്രകടനമാണ് ഐറിഷ് പടയ്ക്ക് തിരിച്ചടിയായത്.

ശ്രീലങ്ക, സ്‌കോട്‌ലാന്‍ഡ്, ഒമാന്‍, യു.എ.ഇ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലായിരുന്നു അയര്‍ലന്‍ഡ് സ്ഥാനം പിടിച്ചത്. കളിച്ച നാല് മത്സരത്തില്‍ ഒന്നില്‍ മാത്രമാണ് അയര്‍ലന്‍ഡിന് വിജയിക്കാന്‍ സാധിച്ചത്. ഇതോടെ സൂപ്പര്‍ സിക്‌സ് പോലും കാണാതെയായിരുന്നു അയര്‍ലന്‍ഡ് ലോകകപ്പ് മോഹങ്ങള്‍ ബാക്കിയാക്കി മടങ്ങിയത്.

 

Content highlight: Ireland announces squad for ICC T20 World Cup Qualifier