| Friday, 24th March 2023, 8:42 pm

"ലേഡി മോഹന്‍ലാലിന്" പറ്റിയ സിനിമയുണ്ടോയെന്ന് അദ്ദേഹമെന്നോട് ചോദിച്ചു, ഉണ്ടെന്ന് ഞാനും പറഞ്ഞു: രാജീവ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ജു വാര്യര്‍, തിലകന്‍, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് കണ്ണെഴുതി പൊട്ടും തൊട്ട്. തിരക്കഥ എഴുതി ഒരുപാട് കാലത്തിന് ശേഷമാണ് കണ്ണെഴുതി പൊട്ടും തൊട്ട് സിനിമ സംഭവിക്കുന്നത്. അതിന്റെ കാരണം തുറന്ന് പറയുകയാണ് സംവിധായകന്‍ രാജീവ് കുമാര്‍.

സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയ നല്ലൊരു നടിയെ കിട്ടാത്തതുകൊണ്ടായിരുന്നു സിനിമ ചെയ്യാന്‍ താമസിച്ചതെന്നും പിന്നീടാണ് മഞ്ജു വാര്യരെ നായികയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ നിര്‍ദേശ പ്രകാരമാണ് സിനിമയിലേക്ക് മഞ്ജു വാര്യരെ തെരഞ്ഞെടുക്കുന്നതെന്നും കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു.

‘കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമ ശരിക്കും ആക്‌സിഡന്റലായി സംഭവിച്ചതാണ്. അതിന്റെ കഥ എന്റെ കയ്യില്‍ കുറേനാളുകളായിട്ട് ഉണ്ടായിരുന്നു. ഞാന്‍ ആ കഥ നവോദയയില്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ ആര് അഭിനയിക്കും എന്ന സംശയമായിരുന്നു അന്നുണ്ടായിരുന്നത്. കാരണം ആ കഥാപാത്രം അന്ന് അഭിനയിക്കാന്‍ ആളുണ്ടായിരുന്നില്ല.

ആ സംശയം നിലനില്‍ക്കുന്നത് കൊണ്ട് ആ കഥ സിനിമയാക്കാന്‍ സാധിച്ചിരുന്നില്ല. ഒരു ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഇരിക്കുന്ന സമയത്ത് മണിയന്‍പിള്ള രാജുചേട്ടന്‍ അവിടേക്ക് വന്നു. മഞ്ജു വാര്യര്‍ എന്ന നടിയെ മലയാള സിനിമ എന്താണ് വിളിക്കുന്നതെന്ന് അറിയാമോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ലേഡി മോഹന്‍ലാല്‍ എന്നാണ് വിളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലേഡി മോഹന്‍ലാലിന് പറ്റിയ കഥയുണ്ടോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു, കഥയുണ്ടെന്ന്. ആ ക്ലബ്ബിലിരുന്ന് ഞാന്‍ സിനിമയുടെ കഥ പറഞ്ഞു. ഈ കഥ എത്രനാളായിട്ട് കയ്യിലുണ്ടെന്ന് ചേട്ടന്‍ എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു കുറെ നാളായിട്ടുണ്ടെന്ന്. പിന്നെ എന്താണ് സിനിമ ചെയ്യാതിരുന്നതെന്നും അദ്ദേഹം എന്നോട് ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു. എന്നിട്ട് അദ്ദേഹം മറ്റ് നിര്‍മാതാക്കളെയൊക്കെ അവിടേക്ക് വിളിച്ച് വരുത്തുന്നു. അവിടെ നിന്നും മഞ്ജു വാര്യരെ കാണാന്‍ പോയി,’ രാജീവ് കുമാര്‍ പറഞ്ഞു.

content highlight: director rajeev kumar about kannezhuthi pottum thottu movie and maniyanpilla raju

We use cookies to give you the best possible experience. Learn more