|

ഐ.ആര്‍.സി.ടി.സി കുംഭകോണം; ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.ആര്‍.സി.ടി.സി കുംഭകോണം കേസില്‍ ബീഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനും മക്കളായ തേജസ്വി പ്രസാദ് യാദവിനും തേജ് പ്രതാപ് യാദവിനും ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ദല്‍ഹിയിലെ റോസ് അവന്യു കോടതിയാണ് ഒരു ലക്ഷം രൂപ ബോണ്ടായി കെട്ടിവെച്ച് മൂവര്‍ക്കും ജാമ്യം അനുവദിച്ചത്. കേസിന്റെ അന്വേഷണത്തിനിടെ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വെ മന്ത്രിയായിരുന്ന 2004-2009 കാലഘട്ടത്തില്‍ വെസ്റ്റ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി സോണിലെ ഗ്രൂപ്പ് ഡി തസ്തികയില്‍ അനധികൃത നിയമനം നടത്തിയിരുന്നു. ജോലി ലഭിക്കണമെങ്കില്‍ മന്ത്രിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ മന്ത്രിയുടെ മറ്റ് സ്വന്തക്കാര്‍ക്കോ കൈക്കൂലിയായി ഭൂമി നല്‍കണമെന്നായിരുന്നു കേസ്.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസെന്നും അവര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും ആര്‍.ജെ.ഡി നേതാവായ തേജസ്വി യാദവ് ആരോപിച്ചു. കൂടാതെ തങ്ങളുടെ വിജയം സുനിശ്ചിതമാണെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.

.ഇ.ഡി തയ്യാറാക്കിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ കോടതി സമന്‍സ് അയച്ചതിനെത്തുടര്‍ന്നാണ് ലാലുവും മക്കളും കോടതിയില്‍ ഹാജരായത്. ഒക്ടോബര്‍ 25ന് കേസ് വീണ്ടും പരിഗണിക്കും.

ഓഗസ്റ്റ് ആറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആദ്യം സി.ബി.ഐ തയ്യാറാക്കിയ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി.കേസ് എടുത്തത്.

തേജസ്വി യാദവ് ഉള്‍പ്പെടെ ലാലു പ്രസാദിന്റെ കുടുംബത്തിലെ ആറ് പേര്‍ കേസിലെ പ്രതികളാണ്. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്റി ദേവി, എം.പി മിസാ ഭാരതി, ഹേമ യാദവ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ഇ.ഡി റാബ്റി ദേവിക്കും മറ്റ് പ്രതികളായ മിസ, ഹേമ യാദവ്, ഹൃദയാനന്ദ ചൗധരി എന്നിവര്‍ക്ക് ഈ വര്‍ഷം മാര്‍ച്ചില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Content Highlight: IRCTC Scam; Bail for Lalu Prasad Yadav and Tejashwi Yadav

Video Stories