| Sunday, 5th February 2023, 7:52 pm

Iratta Review | അടുക്കിവെച്ച തിരക്കഥ, അളന്നുമുറിച്ച സംവിധാനം

അന്ന കീർത്തി ജോർജ്

അടുക്കിയൊതുക്കി വെച്ച തിരക്കഥയും മികച്ച സംവിധാനവും ഗംഭീരമായ പെര്‍ഫോമന്‍സുകളും, അതാണ് ഇരട്ട എന്ന സിനിമ. രോഹിത് എം.ജി. കൃഷ്ണന്‍ എന്ന മലയാളത്തിന് പ്രതീക്ഷ വെക്കാനാകുന്ന സംവിധായകനെയും തിരക്കഥാകൃത്തിനെയും സമ്മാനിച്ചു എന്ന നിലയിലായിരിക്കും ഇരട്ട ഏറ്റവും കൂടുതല്‍ ഓര്‍മിക്കപ്പെടാന്‍ പോകുന്നത്.

ടൈറ്റിലും ക്ലൈമാക്‌സും ഇത്രമേല്‍ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ഒരു സിനിമ അടുത്ത കാലത്ത് മലയാളത്തില്‍ ഇറങ്ങിയിട്ടില്ല. സിനിമയുടെ പേരിനെ കുറിച്ച് വീണ്ടും വീണ്ടും ആലോചിക്കാന്‍ പ്രേരിപ്പിക്കും വിധമാണ് ക്ലൈമാക്‌സ്. ഇരട്ട സഹോദരങ്ങള്‍ എന്നതിന് ജീവിതത്തില്‍ ഇങ്ങനെയും അര്‍ത്ഥതലങ്ങളും പ്രതിഫലനവുമുണ്ടാകാമെന്ന് ഈ സിനിമക്ക് മുമ്പ് അധികമാരും ചിന്തിച്ച് കാണാനും ഇടയില്ല.

ചിത്രത്തിന് ഇരട്ട ക്ലൈമാക്‌സുണ്ട്. അതിലെ രണ്ടാമത്തെ ക്ലൈമാക്‌സ് കഥാപാത്രത്തിനുണ്ടാക്കുന്ന പ്രഹരത്തിന്റെ വേദനയും ഞെട്ടലും കണ്ടിരിക്കുന്നവരിലുമുണ്ടാകും. സിനിമ കഴിഞ്ഞാലും ആ പ്രഹരത്തില്‍ നിന്നും പുറത്തു കടക്കുക എന്നത് ഒട്ടും എളുപ്പമായിരിക്കില്ല.

(സ്‌പോയ്‌ലറുകള്‍ക്ക് സാധ്യതയുണ്ട്, സിനിമ കണ്ട ശേഷം റിവ്യുവില്‍ തുടരുക)

ഒരു പൊലീസ് സ്റ്റേഷനും അവിടെ നടക്കുന്ന മരണവുമാണ് സിനിമയുടെ കഥാപരിസരം. പൊലീസ് അന്വേഷണത്തിലൂടെയും ചില ഫ്‌ളാഷ് ബാക്കുകളിലൂടെയുമാണ് ഇരട്ട കഥ പറയുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലൂടെയാണ് ചിത്രം പ്രധാനമായും മുന്നോട്ടു നീങ്ങുന്നതെങ്കിലും ഒരു ഘട്ടത്തിലും ബോറടിപ്പിക്കുന്നില്ല.

ആദ്യ പകുതിയും ക്ലൈമാക്‌സുമാണ് രോഹിത് എന്ന എഴുത്തുകാരന്റെയും സംവിധായകന്റെയും ബ്രില്യന്‍സ് വ്യക്തമാക്കുന്നത്. പൊലീസ് അന്വേഷണവും സ്റ്റേഷനകത്തെ നടപടിക്രമങ്ങളും ഏറെ കൃത്യതയോടെ കാണിച്ചിരിക്കുന്ന സിനിമയില്‍, ഓരോ മണിക്കൂര്‍ കഴിയുമ്പോഴും മൃതശരീരത്തിനും ചുറ്റുമുള്ളയിടത്തും വരുന്ന മാറ്റങ്ങളില്‍ വരെ ഏറെ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്.

ജോജു ജോര്‍ജ് എന്ന നടനിലുള്ള വിശ്വാസത്തെ ഈ സിനിമ വീണ്ടും വീണ്ടും ഊട്ടിയുറപ്പിക്കുന്നുണ്ട്. ഡി.വൈ.എസ്.പി പ്രമോദ് കണ്ടുപരിചയമുള്ള ജോജുവാണെങ്കിലും, എ.എസ്.ഐ വിനോദ് അങ്ങനെയല്ല. വളരെ സങ്കീര്‍ണമായ, ലൗഡായ ആ കഥാപാത്രത്തെ ഏറെ കയ്യടക്കത്തോടെ ജോജു ജോര്‍ജ് അവതരിപ്പിച്ചിട്ടുണ്ട്.

ഇരട്ട സഹോദരങ്ങളെ രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളായി തന്നെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ ജോജു ജോര്‍ജിന് അനായാസം കഴിഞ്ഞിട്ടുണ്ട്. വേഷവിധാനങ്ങളിലോ മറ്റേതെങ്കിലും ശാരീരിക ഘടകങ്ങളിലോ ഉള്ള വ്യത്യാസത്തേക്കാള്‍, ശരീരഭാഷയിലും സംഭാഷണത്തിലും മൊത്തം ആറ്റിറ്റ്യൂഡിലും  മാറ്റം വരുത്തികൊണ്ടാണ് ഈ വ്യത്യാസത്തെ ജോജു ജോര്‍ജ് അവതരിപ്പിക്കുന്നത്.

ജോജു ജോര്‍ജ് മാത്രമല്ല, ചിത്രത്തിലെ ഓരോ അഭിനേതാക്കളും മികച്ച പെര്‍ഫോമന്‍സാണ് ഇരട്ടക്കായി പുറത്തെടുത്തിരിക്കുന്നത്. ഇമോഷണല്‍ ഡ്രാമയിലേക്ക് ഇടക്ക് സിനിമ ചെറുതായി തെന്നുന്നുണ്ടെങ്കിലും അഭിനേതാക്കളെ വേണ്ട രീതിയില്‍ പ്ലേസ് ചെയ്തുകൊണ്ട് സിനിമയുടെ നിലവാരം തുടരാന്‍ രോഹിത്തിന് കഴിഞ്ഞിട്ടുണ്ട്.

ആര്യ സലിം, മനോജ് കെ.യു, ശ്രീകാന്ത് മുരളി, സാബുമോന്‍, ശരത് സഭ, അഭിരാം രാധാകൃഷ്ണന്‍ തുടങ്ങി ഇരട്ടയിലെ ഓരോ അഭിനേതാക്കളും തങ്ങളുടെ റോളുകള്‍ മനസില്‍ നില്‍ക്കുംവിധം മനോഹരമാക്കിയിട്ടുണ്ട്.

എന്നാല്‍ നടി അഞ്ജലിയുടെ മാലിനി എന്ന കഥാപാത്രവും ആ പ്ലോട്ടും ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനെ സ്വാഭാവികതയോടെ അവതരിപ്പിക്കുന്നുണ്ടെങ്കിലും, മാലിനിയില്ലായിരുന്നെങ്കിലും ഇരട്ടയുടെ കഥാഗതിയില്‍ വലിയ മാറ്റമുണ്ടാകില്ലായിരുന്നു. ചിത്രത്തിലെ ഒരു കഥാപാത്രത്തില്‍ മാലിനി വരുത്തുന്ന മാറ്റം അത്ര വിശ്വസീനയമല്ലായിരുന്നു. മാലിനിയെ ആദ്യം കാണിക്കുമ്പോള്‍ ജോജുവിന്റെ കഥാപാത്രം നടത്തുന്ന ഒളിഞ്ഞുനോട്ടത്തെ തമാശരൂപത്തില്‍ അവതരിപ്പിച്ചതും കുറച്ച് പ്രോബ്ലമാറ്റിക്കായിരുന്നു.

രണ്ടാം പകുതിയിലെ കുറച്ച് ഭാഗങ്ങളിലെ ലാഗ് ഒഴിച്ച് നിര്‍ത്തിയാല്‍, സിനിമാറ്റിക്കലി ഇരട്ട മികച്ചു നില്‍ക്കുന്നുണ്ട്. പക്ഷെ, ചില വിഷയങ്ങളോട് സിനിമ സ്വീകരിച്ച സമീപനം ചോദ്യങ്ങളുയര്‍ത്തി. ചിത്രത്തില്‍ ഒരു റേപ്പിസ്റ്റുണ്ട്. അയാളുടെ താറുമാറായ ജീവിതവും കുട്ടിക്കാലത്തെ അതിദാരുണമായ ജീവിതാനുഭവങ്ങളുമെല്ലാം കാണിച്ചുകൊണ്ട് ഇയാളോട് ആദ്യാവസാനം ഒരു സഹതാപം സിനിമ സൃഷ്ടിക്കുന്നുണ്ട്.

അയാളുടെ കുറ്റബോധം പോലും ഇങ്ങനെയാണ് കടന്നുവരുന്നത്. ആരും ക്രിമിനലുകളായി ജനിക്കുന്നില്ല എന്ന വാചകമായിരിക്കാം ഒരുപക്ഷെ ഇതിന്റെ അടിസ്ഥാനം. പക്ഷെ, റേപ്പിനെയും റേപ്പിസ്റ്റുകളെയും ഇങ്ങനെ തന്നെയാണോ അവതരിപ്പിക്കേണ്ടത് എന്നൊരു ചോദ്യം ഇരട്ട കണ്ട ശേഷം മനസില്‍ ബാക്കിയാകുന്നുണ്ട്.

Content Highlight: Iratta Movie Review

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more