Advertisement
Entertainment
പിച്ച് കറക്ടാണോ എന്ന് ജോജു ജോര്‍ജ്, പെര്‍ഫെക്ടെന്ന് ജേക്ക്‌സ് ബിജോയ്; പെണ്‍കുഞ്ഞിനോടുള്ള സ്‌നേഹത്തിന്റെ നാടന്‍ ഭാഷ്യവുമായി ഇരട്ട പ്രൊമോ സോങ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 27, 11:10 am
Friday, 27th January 2023, 4:40 pm

ജോജു ജോര്‍ജ് നായകനായി എത്തുന്ന ഇരട്ടയുടെ ആദ്യ പ്രെമോ സോങ് പുറത്തിറങ്ങി. ജോജു ജോര്‍ജ്, ബെനഡിക് ഷൈന്‍ എന്നിവര്‍ ആലപിച്ച ‘എന്തിനാടി പൂങ്കൊടിയെ’ എന്ന ഗാനം ആണ് പുറത്തിറങ്ങിയിരിക്കുന്നത്.

മണികണ്ഠന്‍ പെരുമ്പടപ്പ് ഗാനരചനയും സംഗീതവും നിര്‍വഹിച്ച ഈ ഗാനം ജേക്ക്‌സ് ബിജോയാണ് റീ അറേഞ്ച് ചെയ്തിരിക്കുന്നത്. പാട്ട് റെക്കോഡ് ചെയ്യുന്ന വിഷ്വലുകളുമായാണ് പ്രൊമോ സോങ്ങിന്റെ വീഡിയോ.

പെണ്‍മകളോടുള്ള ഒരു അച്ഛന്റെ സ്‌നേഹമാണ് പാട്ടിലെ വരികളില്‍ നിറയുന്നത്. അതിമനോഹരമായാണ് ജോജു ജോര്‍ജും ബെനഡിക് ഷൈനും ഗാനം ആലപിച്ചിരിക്കുന്നത്. റെക്കോഡിങ്ങിനിടക്ക് പാടുന്നതും പിച്ചുമെല്ലാം ശരിയല്ലേയെന്ന് ജോജു ജോര്‍ജ് ചോദിക്കുന്നതും, പെര്‍ഫെക്ടാണെന്ന് ജേക്ക്‌സ് ബിജോയ് പറയുന്നതും വീഡിയോയിലുണ്ട്.

ജോജു ജോര്‍ജ്ജ് ആദ്യമായി ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ഇരട്ട. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തില്‍ എത്തുന്നത്. നിരവധി സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചു വെച്ചുകൊണ്ട് ഒരു പോലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഇരട്ട അണിയിച്ചൊരുക്കുന്നത്.

നവാഗതനായ രോഹിത് എം.ജി. കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. തമിഴ്-മലയാളി താരം അഞ്ജലിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇതിനോടകം തന്നെ സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ജോജു ജോര്‍ജിന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവാകും ഇരട്ടയിലെ കഥാപാത്രങ്ങള്‍ എന്നു ട്രെയ്‌ലര്‍  അടിവരയിട്ടുറപ്പിക്കുന്നു.

നിരവധി സിനിമകളില്‍ പൊലീസ് വേഷങ്ങള്‍ ചെയ്ത് ഞെട്ടിച്ച ജോജുവിന്റെ കരിയറിലെ മറ്റൊരു പവര്‍ഫുള്‍ പൊലീസ് വേഷം ആയിരിക്കും ഇരട്ടയിലേതുമെന്നും ട്രെയ്‌ലറിന് പിന്നാലെ ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ജോജു ജോര്‍ജ്, അഞ്ജലി എന്നിവരെ കൂടാതെ ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ‘ഇരട്ട’യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി മൂന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

സമീര്‍ താഹിറിന്റെയും ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി.ഒ.പി. ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം, വരികള്‍ അന്‍വര്‍ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

ദിലീപ് നാഥ് ആര്‍ട്ട്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്‌സ്. സംഘട്ടനം കെ രാജശേഖര്‍, മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ, പി.ആ.ഓ പ്രതീഷ് ശേഖര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlight: Iratta movie Promo song out now