നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ലിസ്റ്റില്‍; ശ്രീലങ്കയിലും ബംഗ്ലാദേശിലും മലേഷ്യയിലും തരംഗമായി 'ഇരട്ട'
Film News
നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ലിസ്റ്റില്‍; ശ്രീലങ്കയിലും ബംഗ്ലാദേശിലും മലേഷ്യയിലും തരംഗമായി 'ഇരട്ട'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th March 2023, 7:06 pm

പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ആകര്‍ഷിച്ച് ജോജുവിന്റെ ‘ഇരട്ട’. ഓണ്‍ലൈന്‍ ഫ്‌ളാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത് മുതല്‍ പല വിദേശ രാജ്യങ്ങളിലും ടോപ് ടെന്‍ ലിസ്റ്റില്‍ തുടരുകയാണ് ഇമോഷനല്‍ ത്രില്ലറായ ഇരട്ട. അഭിനയത്തില്‍ ജോജു ജോര്‍ജ് ഒരു അസാമാന്യ പ്രതിഭയാണെന്ന് ആവര്‍ത്തിച്ച് തെളിയിച്ച ചിത്രം കൂടിയാണ് ഇരട്ട. ജോജുവിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഏകാന്തതയുടെ നെരിപ്പോടും ഉള്ളില്‍ പേറി അസാന്മാര്ഗിയായി ജീവിക്കുന്ന ഒരുവനും നന്മയും സ്‌നേഹവുമുള്ള സന്മാര്‍ഗിയായവനുമായ രണ്ടു ഇരട്ട സഹോദരന്മാരുടെ മനോവിക്ഷോഭങ്ങളുമായി ജോജു എന്ന താരം പാന്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയാണ്. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ചിത്രം മലയാളികളെ മാത്രമല്ല വിദേശ രാജ്യങ്ങളിലെ പോലും പ്രേക്ഷകരെ ആകര്‍ഷിച്ചിരിക്കുകയാണ്.

നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തതോടെ ഇരട്ടയുടെ ജനപ്രീതി മലയാളം വിട്ട് ഇന്ത്യയും കടന്ന് വിദേശങ്ങളില്‍ എത്തിനില്‍ക്കുകയാണ്. മലയാളികളെ മാത്രമല്ല പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ പോലും ഇരട്ട ഞെട്ടിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. റിലീസ് ചെയ്തത് മുതല്‍ ശ്രീലങ്കയിലും ബംഗ്ലാദേശിലും ഉള്‍പ്പെടെ പല രാജ്യങ്ങളിലും ടോപ് ടെന്‍ ലിസ്റ്റില്‍ തന്നെയാണ് ചിത്രമുള്ളത്. ഇന്ത്യയില്‍ ഇപ്പോഴും ടോപ് ടൂവില്‍ തുടരുന്ന ചിത്രം ശ്രീലങ്കയില്‍ ടോപ് ത്രീയും ബംഗ്‌ളാദേശിലും ജി.സി.സിയിലും ടോപ് ഫോറുമാണ്. സിംഗപ്പൂരില്‍ ടോപ് സേവനും മാലി ദ്വീപില്‍ എട്ടാമതും മലേഷ്യയില്‍ പത്താമതുമാണ് ചിത്രം.

ബോളിവുഡില്‍ നിന്നും തെന്നിന്ത്യയില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകര്‍ ജോജുവിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. മാത്രമല്ല സിനിമയുടെ അന്യഭാഷ റീമേക്കുകളും പല ഭാഷകളില്‍ വിറ്റുപോയിട്ടുണ്ട്.

ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന നിലയില്‍ ത്രില്‍ നിലനിര്‍ത്തിക്കൊണ്ട് മനുഷ്യ മനസിന്റെ നിഗൂഢ തലങ്ങളിലൂടെ അതിസൂക്ഷ്മമായി സഞ്ചരിച്ച വളരെ മികച്ചൊരു ഇമോഷണല്‍ ത്രില്ലറാണ് ഇരട്ട. ബാല്യകാലത്തിന്റെ ദുരനുഭവങ്ങള്‍ ജീവിതത്തെത്തന്നെ മാറ്റി മറിക്കുന്ന രണ്ട് ഇരട്ട സഹോദരങ്ങളുടെ ജീവിതമാണ് ഇരട്ടയുടെ പശ്ചാത്തലം. ഒടുവില്‍ ഒരാള്‍ വേര്‍പിരിയുമ്പോള്‍ മറ്റൊരാളിന്റെ കണ്ണിലൂടെ അവരുടെ കുടുംബ പശ്ചാത്തലവും മനസിന്റെ കാണാപ്പുറങ്ങളും പ്രേക്ഷകന് അനുഭവവേദ്യമാക്കി മികച്ചൊരു കാഴ്ചാനുഭവമായി ഇരട്ട മാറുന്നു.

ഒരു കുറ്റാന്വേഷണ സിനിമ എന്ന ത്രെഡില്‍ കുരുക്കിയിട്ട് ഓരോ കഥാപാത്രങ്ങളുടെയും ജീവിതത്തിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ്. ജോജു ജോര്‍ജ് എന്ന പ്രതിഭാശാലിയായ നടന്റെ രണ്ടു വ്യക്തിത്വങ്ങളിലേക്കുള്ള അസാമാന്യ പകര്‍ന്നാട്ടമാണ് ഇരട്ടയുടെ കരുത്ത്.

 

ജോജുവിന്റെ പ്രതിഭയുടെ തിളക്കം ഇതിനു മുന്‍പ് പല ചിത്രങ്ങളിലും പ്രേക്ഷകര്‍ കണ്ടതാണ്. അതില്‍ എടുത്തുപറയേണ്ടത് ജോസഫ് ആണ്. അധികമാരും ശ്രദ്ധിക്കാത്ത ഒരു പരിണാമം കൂടി ജോജുവിന്റെ അഭിനയജീവിതത്തിനുണ്ടെന്ന് നിസംശയം പറയാം. നിഷേധിയായ ഇമോഷണല്‍ കഥാപാത്രത്തിനുള്ളില്‍ കയറിക്കൂടാന്‍ ജോജുവിന് ഒരു പ്രത്യേക കഴിവാണ്. ജോസഫില്‍ തുടങ്ങിയ ആ പ്രതിഭയുടെ തീപ്പൊരി എല്ലാ സിനിമയും ജോസഫിലേക്ക് എത്തിക്കുന്ന വല്ലാത്തൊരു ബ്രില്ലിയന്‍സ് ആണ്.

പൊറിഞ്ചു മറിയം ജോസും മധുരവും അവിയലും ചുരുളിയും ഇരട്ടയുമെല്ലാം ഒരു തരത്തില്‍ പറഞ്ഞാല്‍ ജോസഫിന്റെ വിവിധ വൈകാരിക തലങ്ങളാണെന്ന് വേണമെങ്കില്‍ പറയാം. ഇപ്പോഴിതാ ഇരട്ടയിലൂടെ ജോജുവിന്റെ അഭിനയ മികവ് വീണ്ടും ഇരട്ടിക്കുന്ന കാഴ്ചയാണ് കാണുന്നത്. സിനിമ തീര്‍ന്നാലും ജോജുവിന്റെ കഥാപാത്രം മനസ്സില്‍ നിറഞ്ഞങ്ങനെ നില്‍ക്കും.

Content Highlight: irata became trending in netflix in Sri Lanka, Bangladesh and Malaysia