ഗസക്ക് ഐക്യദാർഢ്യം; സിറിയയിലെയും ഇറാഖിലെയും യു.എസ് സൈനിക താവളങ്ങളിൽ ഇറാഖിന്റെ ഡ്രോൺ ആക്രമണം
World News
ഗസക്ക് ഐക്യദാർഢ്യം; സിറിയയിലെയും ഇറാഖിലെയും യു.എസ് സൈനിക താവളങ്ങളിൽ ഇറാഖിന്റെ ഡ്രോൺ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th January 2024, 4:20 pm

ബാഗ്ദാദ്: ഗസയിലെ ഇസ്രഈലിന്റെ ആക്രമണങ്ങളെ പിന്തുണയ്ക്കുന്ന അമേരിക്കയുടെ നടപടിയിൽ പ്രതിഷേധിച്ച് സിറിയയിലെയും ഇറാഖിലെയും യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാഖിന്റെ ആക്രമണം.

യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇറാക്കിലെ ഇസ്‌ലാമിക് റെസിസ്റ്റൻസ് എന്ന സംഘടന ടെലിഗ്രാം ചാനലിൽ പ്രസ്താവന പുറത്തുവിട്ടു.

ആക്രമണങ്ങളിൽ എന്തെല്ലാം നാശനഷ്ടങ്ങൾ ഉണ്ടായെന്ന് വ്യക്തമല്ല.

യുഎസ് സൈന്യത്തെ രാജ്യത്ത് നിന്ന് പിൻവലിക്കുന്നതിന് സർക്കാർ ഒരു ഉഭയകക്ഷി സമിതി രൂപീകരിക്കുമെന്ന് ഇറാഖിന്റെ പ്രധാനമന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

‘ ഇറാക്കിൽ നിന്ന് എന്നെന്നേക്കുമായി അന്താരാഷ്ട്ര സഖ്യ സേനയുടെ സാന്നിധ്യം അവസാനിപ്പിക്കുവാൻ ഉപയോഗ സമിതി രൂപീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ്,’ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ്‌ ശിയ അൽ സുഡാനി അറിയിച്ചു.

യുഎസിന്റെ ഡ്രോൺ ആക്രമണത്തിൽ ബാഗ്ദാദിൽ സൈനിക ഗ്രൂപ്പിന്റെ തലവൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ഇറാഖിന്റെ അർധ സൈന്യത്തിന്റെ ഭാഗമായ ഹർക്കത്ത് ഹിസ്ബുല്ല അൽ നുജാബയുടെ നേതാവ് മുഷ്ത്താഖ് ജവാദ് ഖാസിം അൽ ജവാരി കൊല്ലപ്പെട്ടത് തങ്ങൾ നടത്തിയ ആക്രമണത്തിലാണെന്ന് യു.എസിന്റെ സൈനിക വിഭാഗമായ പെന്റഗൺ സ്ഥിരീകരിച്ചിരുന്നു.

ഇറാഖിൽ യു.എസിന്റെ 2500 സൈനികരും സിറിയയിൽ 900 സൈനികരുമാണുള്ളത്.

Content Highlight: Iraqi resistance targets three US bases in Syria, Iraq in solidarity with Gaza