ഫലസ്തീനികൾക്ക് പിന്തുണ; ഇസ്രഈലി എയർപോർട്ടിൽ ഡ്രോൺ ആക്രമണം നടത്തി ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റൻസ്
World News
ഫലസ്തീനികൾക്ക് പിന്തുണ; ഇസ്രഈലി എയർപോർട്ടിൽ ഡ്രോൺ ആക്രമണം നടത്തി ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റൻസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th March 2024, 10:10 am

ബാഗ്ദാദ്: ഗസയിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇസ്രഈലിൽ ആക്രമണം നടത്തിയതായി ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റൻസ്.

ഇസ്രഈലിലെ ഹൈഫ എയർപോർട്ടിലുള്ള പവർ സ്റ്റേഷനിൽ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ടെലിഗ്രാം ചാനൽ വഴി ഇസ്‌ലാമിക് റെസിസ്റ്റൻസ് അറിയിച്ചു.

ഫലസ്തീനി ജനങ്ങൾക്കെതിരെയുള്ള ഇസ്രഈലിന്റെ കൂട്ടക്കൊലക്ക് മറുപടിയായാണ് തങ്ങളുടെ നടപടിയെന്ന് സംഘടന പറയുന്നു.

ശത്രുവിന്റെ ശക്തികേന്ദ്രങ്ങൾ പൂർണമായി തകർക്കുന്നത് വരെ ഇസ്രഈലി ഭരണകൂടത്തിനെതിരെ ആക്രമണങ്ങൾ തുടരുമെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ മാസങ്ങളിൽ നിരവധി പ്രാവശ്യം ഇറാഖ് ഇസ്രഈലിനെതിരെ ആക്രമണം നടത്തിയിരുന്നു.

കഴിഞ്ഞ ആഴ്ച്ച ഇസ്രഈലിലെ ഹൈഫ തുറമുഖത്തിലെ കെമിക്കൽ സംഭരണ കേന്ദ്രത്തിന് നേരെ ഇറാഖ് ഡ്രോൺ ആക്രമണം നടത്തിയിരുന്നു.

ഗസയിലെ വംശഹത്യയിൽ ഇസ്രഈൽ നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ച് സിറിയയിലെയും ഇറാഖിലെയും അമേരിക്കൻ സൈനിക താവളങ്ങളിൽ സംഘം ആക്രമണം നടത്തിയിരുന്നു.

ജനുവരി അവസാന വാരം ജോർദാൻ അതിർത്തിയിൽ ഇസ്‌ലാമിക് റെസിസ്റ്റൻസ് നടത്തിയ ആക്രമണത്തിൽ മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെട്ടിരുന്നു.

അതേസമയം ഗസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഗസയിൽ ഇസ്രഈൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 30,631 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

CONTENT HIGHLIGHT: Iraqi resistance hits Israel’s Haifa with drones