| Wednesday, 10th April 2024, 3:10 pm

ഇസ്രഈലിന്റെ എണ്ണ പോര്‍ട്ടലുകള്‍ തകര്‍ത്ത് ഇറാഖി റെസിസ്റ്റന്‍സ്; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഗ്ദാദ്: ഇസ്രഈലിലെ എണ്ണ പോര്‍ട്ടലുകള്‍ക്ക് നേരെ ഇറാഖ് ഡ്രോണാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. തുറമുഖ നഗരമായ ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലകള്‍ക്കെതിരെ ഡ്രോണുകള്‍ ഉപയോഗിച്ച് ഓപ്പറേഷന്‍ നടത്തിയതായി ഇറാഖി റെസിസ്റ്റന്‍സ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ടെലിഗ്രാം ചാനലില്‍ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് ഇറാഖി അംബ്രല്ല ഗ്രൂപ്പ് ഓഫ് ആന്റി ടെറര്‍ ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചത്.

ഗസയില്‍ ഇസ്രഈലി സൈന്യം നടത്തുന്ന അതിക്രമങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനികളക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ആക്രമണമാണിതെന്നും ഇറാഖി റെസിസ്റ്റന്‍സ് അറിയിച്ചു. ഇസ്രഈല്‍ ഗസയിലെ വംശഹത്യ അവസാനിപ്പിക്കുന്നത് വരെ തങ്ങളുടെ പ്രതിരോധം തുടരുമെന്നും ഇറാഖി റെസിസ്റ്റന്‍സ് പറഞ്ഞു.

അതേസമയം ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട് തെറ്റാണെന്ന് യു.എസ പ്രസിഡണ്ട് ജോ ബൈഡന്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍-സ്പാനിഷ് ചാനലായ യൂണിവിഷന്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്.

നെതന്യാഹു ചെയ്യുന്നത് തെറ്റാണെന്നാണ് കരുതുന്നതെന്നും അദ്ദേഹത്തിന്റെ സമീപനത്തോട് തനിക്ക് യോജിപ്പില്ലെന്നും ബൈഡന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

നിലവിലെ കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ 7 മുതല്‍ ഗസയില്‍ ഇസ്രഈലി സൈന്യം കുറഞ്ഞത് 33,360 ഫലസ്തീനികളെ കൊലപ്പെടുത്തുകയും 75,993 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 153 പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും മന്ത്രാലയം അറിയിച്ചു.

Content Highlight: Iraqi resistance by destroying Israel’s oil portals

We use cookies to give you the best possible experience. Learn more