ഇറാഖില്‍ വീണ്ടും പാര്‍ലമെന്റ് കയ്യേറി പ്രക്ഷോഭകര്‍; ഒരറിയിപ്പുണ്ടാകുന്നത് വരെ പാര്‍ലമെന്റില്‍ തന്നെ തുടരുമെന്ന് പ്രഖ്യാപനം
World News
ഇറാഖില്‍ വീണ്ടും പാര്‍ലമെന്റ് കയ്യേറി പ്രക്ഷോഭകര്‍; ഒരറിയിപ്പുണ്ടാകുന്നത് വരെ പാര്‍ലമെന്റില്‍ തന്നെ തുടരുമെന്ന് പ്രഖ്യാപനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st July 2022, 10:20 am

ബാഗ്ദാദ്: ഇറാഖില്‍ പ്രക്ഷോഭകര്‍ വീണ്ടും പാര്‍ലമെന്റ് കയ്യേറി. അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണില്‍ സ്ഥിതിചെയ്യുന്ന പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയത്.

പാര്‍ലമെന്റിനകത്ത് പ്രക്ഷോഭകര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും വിളിച്ചു.

ഷിയ മുസ്‌ലിം നേതാവ് മുഖ്തദ അല്‍ സദ്‌റിന്റെ നൂറുകണക്കിന് അനുയായികളാണ് ശനിയാഴ്ച പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കയറിയത്. ഇറാന്‍ അനുകൂല നേതാവായ മുന്‍ മന്ത്രി മുഹമ്മദ് ഷിയ അല്‍സുദാനിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെതിരെയാണ് പ്രതിഷേധം.

സുരക്ഷാ സേന സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്തായിരുന്നു പ്രക്ഷോഭകര്‍ പാര്‍മെന്റിനകത്ത് പ്രവേശിച്ചത്.

പ്രതിഷേധക്കാര്‍ക്കെതിരെ ഇറാഖി സുരക്ഷാസേന കണ്ണീര്‍വാതകം പ്രയോഗിച്ചു. പൊലീസും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേനയിലെ അംഗങ്ങളുള്‍പ്പെടെ 125 പേര്‍ക്ക് പരിക്കേറ്റതായി ഇറാഖി ആരോഗ്യമന്ത്രാലയം അറിയിച്ചു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ, ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാര്‍ലമെന്റ് വിട്ടിറങ്ങില്ലെന്നാണ് പ്രക്ഷോഭകര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം പ്രക്ഷോഭകര്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കണമെന്ന് പ്രധാനമന്ത്രി മുസ്തഫ അല്‍-കാദിമി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇറാഖില്‍ ഫെഡറല്‍ തെരഞ്ഞെടുപ്പ് പത്ത് മാസം മുമ്പെ നടത്തിയെങ്കിലും ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല. മുഖ്തദ അല്‍ സദ്‌റിന്റെ പാര്‍ട്ടിയാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത്.

പ്രസിഡന്റിനെ തെരഞ്ഞെടുത്ത് സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സമവായത്തിലെത്താന്‍ സാധിക്കാതിരുന്നതോടെ മുഖ്തദ അല്‍ സദ്‌റിന്റെ പാര്‍ട്ടി ചര്‍ച്ചകളില്‍ നിന്നും ഏകപക്ഷീയമായി പിന്മാറുകയായിരുന്നു.

ഒരു സര്‍ക്കാരിനും അധികാരത്തിലേറാന്‍ കഴിയാത്ത രീതിയില്‍ രാജ്യത്ത് ഭരണപ്രതിസന്ധി നിലനില്‍ക്കുകയാണ്. ഇതിനിടെയാണ് പ്രക്ഷോഭകര്‍ വീണ്ടും പാര്‍ലമെന്റ് കയ്യേറിയത്.

പ്രക്ഷോഭം കാരണം പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യാന്‍ വേണ്ടി ചേര്‍ന്ന പാര്‍ലമെന്റ് സെഷന്‍ നേരത്തെ നിര്‍ത്തിവെച്ചിരുന്നു.

Content Highlight: Iraqi protesters storm parliament building in Baghdad, second time in a week