| Wednesday, 30th October 2019, 7:09 pm

ഇറാഖിനെ മറ്റൊരു സിറിയ ആക്കരുത്, സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ഷിയ നേതാക്കള്‍; ലെബനനു പിന്നാലെ ഭരണ പ്രതിസന്ധിയില്‍ ഇറാഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഗ്ദാദ്: ഇറാഖി ജനതയുടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായിരിക്കെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് പാര്‍ലമെന്റില്‍ ശക്തമായ സാന്നിധ്യമുള്ള ഷിയ നേതാവ് മുഖ്താദ അല്‍ സദര്‍. ഇറാഖിനെ മറ്റൊരു സിറിയ ആക്കി മാറ്റാന്‍ പാടില്ല എന്നാവശ്യപ്പെട്ട് ഇദ്ദേഹം പ്രധാനമന്ത്രി അദെല്‍ അബ്ദുള്‍ മഹദിയോട് രാജി ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ മഹ്ദി ഇതിനു വഴങ്ങാതിരുന്നതോടെ സര്‍ക്കാരിലെ മറ്റൊരു സഖ്യ കക്ഷി നേതാവായ ഹാദി അല്‍ അമിരിയുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രിയെ പുറത്താക്കാന്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അല്‍ സദറിനും അല്‍ അമിരിക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ഇരു വിഭാഗവും സംയുക്തമായി അബ്ദുള്‍ മഹ്ദിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇരു വിഭാഗങ്ങളും പിന്തുണ പിന്‍വലിക്കുന്നതോടെ മഹ്ദി രാജിയിലേക്കു നീങ്ങേണ്ടി വരാനാണ് സാധ്യത.

പതിനായിരക്കണക്കിനു പേരാണ് കഴിഞ്ഞ ദിവസം ബാഗ്ദാദിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ പ്രതിഷേധം നടത്തിയത്. പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതും മറി കടന്ന് പ്രക്ഷോഭം കനക്കുകയാണ്.

പ്രക്ഷോഭകരും സുരക്ഷാ സൈന്യവും തമ്മിലുണ്ടായ ഏറ്റു മുട്ടലില്‍ നൂറുകണക്കിന് പേരാണ് മരണപ്പെട്ടതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. മരണസംഖ്യയെപറ്റിയുള്ള കൃത്യമായ കണക്ക് ഇതു വരെയും ബാഗ്ദാദില്‍ നിന്നും പുറത്തു വന്നിട്ടില്ല.

ഒക്ടോബര്‍ ആദ്യ വാരം മുതല്‍ തുടങ്ങിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സുരക്ഷാ സൈന്യത്തിന്റെ ആക്രമണത്താല്‍നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പ്രതിഷേധം വീണ്ടും തുടങ്ങുകയായിരുന്നു.
വേള്‍ഡ് ബാങ്കിന്റെ കണക്കു പ്രകാരം ഇറാഖിലെ 5 പേരില്‍ ഒരാള്‍ പട്ടിണിയിലാണ്. 25 ശതമാനമാണ് ഇറാഖിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ട്രാന്‍സ്പരന്‍സി ഇന്റര്‍ നാഷണലിന്റെ കണക്കു പ്രകാരം അഴിമതികൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ഇറാഖിന്റെ സ്ഥാനം.ഐ.എസിനെ തുരത്തിയ ശേഷം അധികാരത്തിലേറിയ പ്രധാനമന്ത്രിക്ക് വലിയ വെല്ലുവിളിയാണ് ഇപ്പോഴത്തെ പ്രക്ഷോഭം. ഇറാഖ് ഈയടുത്ത് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാണിത്.

We use cookies to give you the best possible experience. Learn more