അവസാന ഐ.എസ് താവളവും പിടിച്ചെടുത്ത് ഇറാഖി സൈന്യം
Daily News
അവസാന ഐ.എസ് താവളവും പിടിച്ചെടുത്ത് ഇറാഖി സൈന്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th November 2017, 10:05 pm

റാവ: ഇറാഖില്‍ നിയന്ത്രണത്തിലാക്കി വച്ചിരുന്ന അവസാന നഗരത്തില്‍ നിന്നും ഇസ്‌ലാമിക് സ്റ്റേറ്റിനെ തുരത്തി ഇറാഖി സൈന്യം . മിന്നലാക്രമണത്തിലൂടെയാണ് സൈന്യത്തിന്റെ മുന്നേറ്റം. അതിര്‍ത്തിപ്രദേശമായ റാവയില്‍ നിന്നാണ് സൈന്യം ഐ.എസിനെ തുരത്തിയത്. ഇതോടെ പൂര്‍ണമായും ഐ.എസിന്റെ പിടിയില്‍ നിന്നും ഇറാഖ് മോചിതമായെന്ന് സേനാവക്താവ് ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ അമീര്‍ റഷീദ് അറിയിച്ചു. റാവ തിരിച്ച് പിടിച്ച ഇറാഖി സൈന്യം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളിലും ദേശീയ പതാക ഉയര്‍ത്തി.

2014ലാണ് ഇറാഖിലെയും സിറിയയിലെയും പ്രധാന നഗരങ്ങള്‍ ഐ.എസ് പിടിച്ചെടുത്തത്. ഇറാഖ് സിറിയ അതിര്‍ത്തിയിലെ മുഴുവന്‍ പ്രദേശങ്ങളും പിടിച്ചെടുത്തെന്നായിരുന്നു ഐഎസ് അവകാശവാദം. തുടര്‍ന്നു നടന്ന പോരാട്ടത്തിനൊടുവിലാണ് സൈന്യത്തിന്റെ വിജയം.ഐ.എസ് റാവ നഗരം പിടിച്ചെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. യുഫ്രട്ടിസ് നദിയോടു ചേര്‍ന്നുള്ള ഭാഗമാണിത്.

സൈന്യം പ്രവേശിക്കുമ്പോള്‍ എന്തെല്ലാം ചെയ്യണമെന്നത് സംബന്ധിച്ച് റാവ നിവാസികള്‍ക്ക് റേഡിയോയിലൂടെ ഒരാഴ്ചയായി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ശേഷം 17ന് അതിരാവിലെയാണ് സൈന്യം മിന്നലാക്രമണം ആരംഭിച്ചത്. തുടര്‍ന്ന്് സിറിയ ഇറാഖ് അതിര്‍ത്തിയിലെ മരുഭൂമിയിലേക്ക് റാവയില്‍ നിന്ന് ഐ.എസ് ഭീകരര്‍ പലായനം ചെയ്തെന്ന വിവരത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ കാവല്‍ ശക്തമാക്കാന്‍ സൈന്യം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച സിറിയയില്‍ നിന്നും ഐ.എസ് തീവ്രവാദികളെ സൈന്യം തുരത്തിയെന്ന വാര്‍ത്തകള്‍ വന്നിരുന്നു.