ബാഗ്ദാദ്: സൈന്യത്തിന്റെയും ഭീകരവിരുദ്ധ സംഘടനകളുടെയും സൈറ്റുകളെ ലക്ഷ്യംവെച്ചുകൊണ്ട് രാജ്യത്ത് നടത്തിയ യു.എസ് ആക്രമണങ്ങള്‍ സ്വീകാര്യമല്ലെന്ന് ഇറാഖ്. ഇറാഖിന്റെ ഭരണഘടനാപരമായ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണ് അമേരിക്കന്‍ സൈന്യം നടത്തിയിരിക്കുന്നതെന്ന് ഇറാഖ് സായുധ സേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ വക്താവ് യഹ്യ റസൂല്‍ പറഞ്ഞു.
ഗസയിലെ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രഈലി ഭരണകൂടം നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ സംസാരിക്കുന്നതിനാലാണ് ഇറാഖിനെതിരെ യു.എസ് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതെന്ന് യഹ്യ റസൂല്‍ പറഞ്ഞു. അമേരിക്ക ഉള്‍പ്പെടെയുള്ള ലോകത്തെ വന്‍ശക്തികള്‍ ഇസ്രഈലിനെതിരെ നിലവില്‍ മൗനം പാലിക്കുകയും അതേസമയം മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ അതിക്രമങ്ങള്‍ നടത്തുന്നതിലേക്ക് മാത്രം യു.എസിന്റെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നതായി യഹ്യ റസൂല്‍ ചൂണ്ടിക്കാട്ടി.
ഇറാഖ് സര്‍ക്കാര്‍ അമേരിക്കയുടെ ആക്രമണങ്ങളെ നിയമലംഘനമായി കണക്കാക്കുന്നുവെന്നും ഇറാഖികളുടെ ജീവനും അന്തസ്സും സംരക്ഷിക്കാനുള്ള നടപടികള്‍ അതിവേഗത്തില്‍ കൈക്കൊള്ളുമെന്നും ഇറാഖിന്റെ സായുധ സേന ഔദ്യോഗികമായി അറിയിച്ചു. യു.എസിന്റെ ആക്രമണത്തില്‍ രണ്ട് പൗരന്മാര്‍ കൊല്ലപ്പെടുകയും രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അമേരിക്കയുടെ സൈനിക താവളങ്ങള്‍ക്ക് നേരെ ശക്തമായ ആക്രമണങ്ങള്‍ നടത്തുമെന്നും സൈന്യം കരുതിയിരിക്കണമെന്നും ഇറാഖ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറാഖിന്റെ സുസ്ഥിരതയ്ക്കും പരമാധികാരത്തിനും ഭീഷണിയാകുന്ന നിയമ ലംഘനങ്ങള്‍ തടയുന്നതിനും രാജ്യത്തെ സമാധാനത്തിനും സുരക്ഷക്കുമായി അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഇറാഖ് ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പടിഞ്ഞാറന്‍ ഇറാഖിലെ അല്‍ ഖായിം പട്ടണവും ബാഗ്ദാദിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ജുര്‍ഫ് അല്‍ നാസര്‍ പട്ടണവും ഉള്‍പ്പെടെ നിരവധി സൈറ്റുകള്‍ക്ക് നേരെയാണ് യു.എസ് മിസൈലാക്രമണം നടത്തിയത്. ഹഷ്ദ് അല്‍ ഷാബി എന്നറിയപ്പെടുന്ന പോപ്പുലര്‍ മൊബിലൈസേഷന്‍ യൂണിറ്റും ഹിസ്ബുള്ളയടക്കമുള്ള ഗ്രൂപ്പുകളുടെ സൈനിക സൈറ്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
Content Highlight: Iraq says US attacks are unacceptable