| Tuesday, 19th October 2021, 12:23 pm

അധിനിവേശ ആസൂത്രകന്റെ മരണത്തില്‍ കണ്ണീരൊഴുക്കാനില്ല; മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പൊവെലിന്റെ മരണത്തില്‍ ഇറാഖ് ജനത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പൊവെല്‍ കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. 84കാരനായ പൊവെലിന്റെ മരണം കൊവിഡ് ബാധയെത്തുടര്‍ന്നായിരുന്നു.

പൊവെലിന്റെ മരണത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇറാഖ് ജനത. 2003ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് കാരണക്കാരനായ പൊവെലിന്റെ മരണത്തില്‍ ദുഖമില്ല എന്നാണ് ഇറാഖിലെ പ്രമുഖ രാഷ്ട്രീയപ്രവര്‍ത്തകര്‍ പറയുന്നത്.

2003ലെ അധിനിവേശത്തിന് കാരണക്കാരന്‍ പൊവെലാണെന്നാണ് ഇറാഖിന്റെ പ്രതികരണം. മുന്‍ ഇറാഖ് ഏകാധിപതി സദ്ദാം ഹുസൈനെ സംബന്ധിച്ചും അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ആയുധങ്ങള്‍ രാജ്യത്തിന് മേലുയര്‍ത്തുന്ന ഭീഷണി സംബന്ധിച്ചും തെറ്റായ വിവരങ്ങളടങ്ങിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൊവെല്‍ ഐക്യരാഷ്ട്രസഭയ്ക്ക് സമര്‍പ്പിച്ചിരുന്നു.

സദ്ദാം ഹുസൈന് അല്‍-ഖ്വയിദയുമായും ബന്ധമുണ്ടെന്ന് പൊവെല്‍ വാദമുന്നയിച്ചിരുന്നു. ഇറാഖിനെ കീഴടക്കാനുള്ള തീരുമാനത്തിലേക്ക് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെ നയിച്ചത് പൊവെലിന്റെ ഈ റിപ്പോര്‍ട്ടും വാദങ്ങളുമായിരുന്നു. ഇതാണ് ഇറാഖില്‍ പിന്നീട് വര്‍ഷങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തിലേക്കും ജീവഹാനിയിലേക്കും നയിച്ചത്.

ഇറാഖിലെ സിവില്‍ ഡെമോക്രാറ്റിക് സഖ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരനും ഇറാഖ് മുന്‍ സ്വാതന്ത്ര്യസമര പോരാളിയുമായ കമാല്‍ ജാബിറാണ് കോളിന്‍ പൊവെലിനെതിരെ സംസാരിച്ചത്. ഇറാഖ് യുദ്ധത്തെ തടയുന്നതിന് വേണ്ടി പൊവെല്‍ ഒന്നും ചെയ്തില്ല എന്നാണ് ജാബിര്‍ പറഞ്ഞത്.

”ഇറാഖിനും ഇറാഖി ജനതയ്ക്കും എതിരായി നടന്ന കൂട്ടക്കൊല നോക്കിനില്‍ക്കുകയാണ് കോളിന്‍ പൊവെല്‍ ചെയ്തത്. ഇന്നും അതൊരു ദുരന്തമായി ഇറാഖില്‍ നിലനില്‍ക്കുന്നുണ്ട്. കൊളിന്‍ പൊവെലിന്റെ മരണത്തില്‍ ഇറാഖ് കണ്ണീര്‍ പൊഴിക്കില്ല,” ജാബിര്‍ മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.

സദ്ദാം ഹുസൈന്റെ ഭരണത്തിനെതിരെ 1980,90 കാലഘട്ടങ്ങളില്‍ സമരം ചെയ്തിരുന്ന വ്യക്തി കൂടിയാണ് കമാല്‍ ജാബിര്‍.

സദ്ദാം ഹുസൈന്റെ ഭരണം അവസാനിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു 2003ല്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യം ഇറാഖ് ആക്രമിച്ചത്. 2003ല്‍ ആരംഭിച്ച അധിനിവേശ യുദ്ധം 2011 വരെ നീണ്ടുനിന്നിരുന്നു.

1986ലെ അമേരിക്കയുടെ പനാമ അധിനിവേശം, 1991ലെ ഗള്‍ഫ് യുദ്ധം, 2001ലെ സെപ്റ്റംബര്‍ 11 ആക്രമണം, ഇതിന് പിന്നാലെ നടന്ന 2001ലെ അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശം, 2003ലെ ഇറാഖ് അധിനിവേശം എന്നിവയെല്ലാം നടന്ന സമയത്ത് ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് കോളിന്‍ പൊവെല്‍.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായ ആദ്യ കറുത്ത വംശജന്‍ എന്ന നിലയിലും പൊവെലിന്റെ ഔദ്യോഗിക ജീവിതം ശ്രദ്ധ നേടിയിരുന്നു. ജോര്‍ജ് ബുഷിന്റെ ഭരണസമയത്ത് 2001ലാണ് പൊവെല്‍ സ്‌റ്റേറ്റ് സെക്രട്ടറിയായി അധികാരമേറ്റത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Iraq says they will not shed tears on the death of former US state secretary Colin Powell

We use cookies to give you the best possible experience. Learn more