തെൽ അവീവ്: മെഡിറ്ററേനിയൻ കടലിൽ ഇസ്രഈലിന്റെ പ്രധാന കേന്ദ്രത്തെ ആക്രമിച്ചതായി ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റൻസ്. ഡ്രോൺ ഉപയോഗിച്ച് കാരിഷ് വാതക റിഗ് ആണ് ആക്രമിച്ചതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
‘ഉചിതമായ ആയുധങ്ങൾ’ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് എന്നാണ് ഇസ്‌ലാമിക് റെസിസ്റ്റൻസ് പറയുന്നത്. കൂടുതൽ വിശദാംശങ്ങൾ അവർ പുറത്തുവിട്ടിട്ടില്ല.
ഗസയിൽ കൂട്ടക്കൊല നടത്തുന്ന ഇസ്രഈലിനുള്ള മറുപടിയാണ് ആക്രമണമെന്ന് റെസിസ്റ്റൻസ് പറഞ്ഞു.
ഇസ്രഈലിനെ ലക്ഷ്യമിട്ട് ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്നും സേന അറിയിച്ചു.
യു.എസ് വിരുദ്ധ ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റൻസ്. ഇറാഖ്, സിറിയ എന്നിവിടങ്ങളിളെ യു.എസ് കേന്ദ്രങ്ങളെ സ്ഥിരമായി ആക്രമിക്കാറുണ്ട്.
തെക്കൻ ഇസ്രഈലിലെ ഏലിയാറ്റിൽ ആക്രമണം നടത്തിയതായി ഇസ്‌ലാമിക് റെസിസ്റ്റൻസ് അവകാശപ്പെട്ടിരുന്നു.
ഇറാഖിലെ യു.എസ് വിമാനത്താവളം അൽ ഹരീരിലും ഐൻ അൽ അസാദിലും ബാഗ്ദാദിലെ യു.എസ് എംബസിയിലും സേന ആക്രമണങ്ങൾ നടത്തിയിരുന്നു.