പ്രതിഷേധം അടങ്ങാതെ ഇറാഖ്; തൗഫീഖ് അല്ലാവിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതിനെതിരെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുന്നു
Worldnews
പ്രതിഷേധം അടങ്ങാതെ ഇറാഖ്; തൗഫീഖ് അല്ലാവിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതിനെതിരെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd February 2020, 1:01 pm

ബാഗ്ദാദ്: മുഹമ്മദ് തൗഫീഖ് അല്ലാവിയെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുന്നു. പ്രസിഡന്റ് ബര്‍ഹാം സാലിഹിന്റെ തീരുമാനപ്രകാരമാണ് അല്ലാവിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്.

ഇറാഖിന്റെ തലസ്ഥാന നഗരമായ ബാഗ്ദാദിലും തെക്കന്‍ പ്രവിശ്യകളിലും സര്‍ക്കാര്‍ വിരുദ്ധ റാലികളും പ്രകടനങ്ങളും നടന്നു.

പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇറാഖില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു.രാജ്യത്ത് രണ്ട് മാസത്തോളമായി നിലനില്‍ക്കുന്ന രാഷ്ട്രീയ സ്തംഭനം അവസാനിപ്പിക്കുന്നതിനായി ശനിയാഴ്ചയോടെ പാര്‍ലമെന്റ് ഒരു പുതിയ പ്രധാനമന്ത്രിയെ നിയമിച്ചില്ലെങ്കില്‍ താന്‍തന്നെ പ്രധാനമന്ത്രിയെ നിയമിക്കുമെന്ന് ബര്‍ലാം സാലീഹ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സാലിഹിന്റെ പ്രഖ്യാപനം പ്രതിഷേധക്കാര്‍ സ്വീകരിച്ചില്ല. ബാഗ്ദാദിലെ തഹ്രിര്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ നൂറുകണക്കിന് പ്രതിഷേധക്കാര്‍ ‘മുഹമ്മദ് അല്ലാവിയെ തിരസ്‌ക്കരിക്കുന്നു’ എന്ന് മുദ്രാവാക്യംവിളിച്ച് പ്രതിഷേധിച്ചു. തെക്കന്‍ നഗരമായ നാസിരിയയില്‍ അല്ലാവിയുടെ തെരഞ്ഞെടുപ്പിനെ തള്ളിക്കളയുന്നതായി പ്രതിഷേധക്കാര്‍ പ്രസ്താവനയിറക്കി.

ഇപ്പോള്‍ ആര്‍ക്കെതിരെയാണോ തങ്ങള്‍ നിലകൊള്ളുന്നത്. അതേ കുറ്റവാളി, അഴിമതി വര്‍ഗം തന്നെയാണ് അല്ലാവിയെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാറിന്റെ അഴിമതിഭരണം അവസാനിപ്പിക്കണമെന്നും തൊഴിലില്ലായ്മ പരിഹരിക്കണമെന്നും ഇറാഖിന്റെ രാഷ്ട്രീയകാര്യത്തില്‍ ഇറാന്റെ ഇടപെടല്‍ തടയണമെന്നും തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇറാഖില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ