ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അത്-ഖാദിമിയ്ക്ക് നേരെ ബാഗ്ദാദില്‍ വെച്ച് വധശ്രമമുണ്ടായതായി റിപ്പോര്‍ട്ട്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഖാദിമിയുടെ വസതിയ്ക്ക് നേരെ വരികയായിരുന്നു.
ഖാദിമി പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. സുരക്ഷാ സേനയിലുണ്ടായിരുന്ന ആറ് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
ഞായറാഴ്ച രാവിലെയായിരുന്നു പ്രധാനമന്ത്രിയുടെ ബാഗ്ദാദിലെ ‘ഗ്രീന്‍ സോണി’ലെ വസതിയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഇറാഖി സൈന്യമാണ് വധശ്രമമായിരുന്നെന്ന് അറിയിച്ചത്.
ആളുകള്‍ പരിഭ്രാന്തരാകരുതെന്നും സംയമനം പാലിക്കണമെന്നും പ്രധാനമന്ത്രി ട്വീറ്റിലൂടെ അറിയിച്ചു. ഖാദിമി ആശുപത്രിയിലാണെന്ന തരത്തില്‍ ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ അമേരിക്ക അപലപിച്ചു. അന്വേഷണത്തിന് വേണ്ട സഹായസഹകരണങ്ങളും യു.എസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
”ഇത് ഒരു ഭീകരവാദ പ്രവര്‍ത്തിയാണ്. ഞങ്ങള്‍ ഇത് അപലപിക്കുന്നു. ആക്രമണം ഇറാഖിന്റെ ഹൃദയത്തെയാണ് ഉന്നം വെച്ചത്,” യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
2020 മേയിലാണ് മുസ്തഫ അത്-ഖാദിമി ഇറാഖിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
കഴിഞ്ഞ മാസം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് തിരിമറി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയ സംഘടനകള്‍ ബാഗ്ദാദില്‍ കഴിഞ്ഞ ആഴ്ചകളിലായി പ്രകടനങ്ങള്‍ നടത്തി വരികയായിരുന്നു.