ബാഗ്ദാദ്: ഇസ്‌ലാമിക് സ്റ്റേറ്റിന്റെ(ഐ.എസ്) തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇരകളെ തിരിച്ചറിയാനുള്ള നടപടികള്‍ ശക്തമാക്കി ഇറാഖ്. ഐ.എസ് കൂട്ടക്കൊല നടത്തി കുഴിച്ചുമൂടിയവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനാണ് ഇറാഖ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇറാഖിലെ നീനെവേ എന്ന പ്രദേശത്ത് ആഴത്തില്‍ കുഴികളെടുത്ത് നടത്തിയ അന്വേഷണത്തില്‍ 123 മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഇറാഖ് അധികൃതര്‍ അറിയിച്ചു. 12,000 മൃതദേഹങ്ങളെങ്കിലും ഈ പ്രദേശത്തെ ശവക്കുഴികളില്‍ അടക്കം ചെയ്തിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.
2017 മാര്‍ച്ചില്‍ ഇറാഖ് സൈന്യം നിയന്ത്രണം ഏറ്റെടുത്ത പ്രദേശങ്ങളിലാണ് ഇപ്പോള്‍ ഐ.എസ്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിരിക്കുന്നത്.
2014ല്‍ ഐ.എസ്. ബദുഷ് ജയിലിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് ശേഷം നടന്ന കൂട്ടക്കൊല അടക്കമുള്ള തീവ്രവാദ ആക്രമണത്തിലെ ഇരകളുടെ മൃതദേഹ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. അക്രമത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളുടെ ഡി.എന്‍.എ. പരിശോധിച്ച് സംഭവം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
ആയിരക്കണക്കിന് കുടുംബങ്ങള്‍, ബന്ധുക്കള്‍ക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ കാത്തിരിക്കുകയാണെന്ന് നീനെവേ ഗവര്‍ണര്‍ നജ്മ് അല്‍ ജുബ്ബുരി എ.എഫ്.പി. ന്യൂസിനോട് പറഞ്ഞു. 30 തൊഴിലാളികളെ വെച്ചാണ് ശവക്കുഴിയില്‍ നിന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.