ബാഗ്ദാദ്: ഈ വര്‍ഷം മാര്‍ച്ചില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇറാഖ് സന്ദര്‍ശിച്ചതിന്റെ ഓര്‍മ പുതുക്കുന്നതിന് സ്റ്റാമ്പ് പുറത്തിറക്കി ഇറാഖ് ഭരണകൂടം. ഇറാഖിലെ ഷിയ മുസ്‌ലീങ്ങളുടെ നേതാവ് സയ്യിദ് അലി അല്‍ സിസ്താനിയും മാര്‍പ്പാപ്പയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളടങ്ങിയ സ്റ്റാംപുകളും പുറത്തിറക്കിയിട്ടുണ്ട്.
ഇറാഖിലെ വാര്‍ത്താവിനിമയ മന്ത്രാലയമാണ് സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്. ”ഇറാഖിന് അകത്തും പുറത്തും വിവിധ മതങ്ങള്‍ക്കിടയിലെ സ്‌നേഹവും സഹവര്‍ത്തിത്വവും സമാധാനവുമാണ് മാര്‍പ്പാപ്പയുടെ ഈ സന്ദര്‍ശനം നല്‍കിയ സന്ദേശം എന്നതുകൊണ്ടാണ് ഇത്തരത്തില്‍ സ്റ്റാമ്പ് പുറത്തിറക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രാലയ വക്താവ് റാദ് അല്‍-മഷ്ഹദാനി പറഞ്ഞു.
തിങ്കളാഴ്ച മന്ത്രാലയം പുറത്തിറക്കിയ ഒരു സ്റ്റാംപില്‍ ഇറാഖിന്റെ പതാകയുടെ പശ്ചാത്തലത്തില്‍ ചിരിക്കുന്ന മാര്‍പ്പാപ്പ കൈയുയര്‍ത്തി അഭിവാദ്യം ചെയ്യുന്ന ചിത്രമാണുള്ളത്. പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും ഉപയോഗിക്കുന്നതിന് ആകെ 5000 സ്റ്റാംപുകളായിരിക്കും പുറത്തിറക്കുകയെന്നും മന്ത്രാലയം അറിയിച്ചു.