ബാഗ്ദാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാഖ്. ഇറാഖി സായുധസേനയുടെ നേതാവ് അബു മഹ്ദി അല്‍-മുഹന്ദിയുടെ കൊലപാതകത്തിലാണ് ഇറാഖ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
നേരത്തെ ഇറാന്റെ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ ഇറാനും ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇറാഖി പീനല്‍ കോഡിന്റെ 406 വകുപ്പ് പ്രകാരമാണ് ബാഗ്ദാദ് കോടതി ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ആസൂത്രിത കൊലപാതകത്തിന് വധശിക്ഷ വരെ വിധിക്കാന്‍ അനുവദിക്കുന്നതാണ് 406 വകുപ്പ്.
മുഹന്ദിയുടെ അടുത്ത ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
2020 ജനുവരി 3നാണ് ബാഗ്ദാദ് എയര്‍പോര്‍ട്ടിന് മുന്നില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മുഹന്ദി കൊല്ലപ്പെടുന്നത്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിനോട് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. ട്രംപ് ഉള്‍പ്പെടെ 47 അമേരിക്കന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാണ് ഇറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് തവണയാണ് ഇന്റര്‍നാഷണല്‍ പൊലീസ് ഓര്‍ഗനൈസേഷനോട്
ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇറാന്‍ ആവശ്യപ്പെട്ടത്. ജൂണ്‍ മാസത്തില്‍ ടെഹ്റാനിലെ പ്രോസിക്യൂട്ടര്‍ അലി അല്‍ക്വാഷ്മിര്‍ ട്രംപ് ഉള്‍പ്പെടെ പന്ത്രണ്ടോളം യു.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
അതേസമയം ഫ്രാന്‍സ് ആസ്ഥാനമായുള്ള ഇന്റര്‍പോള്‍ ഇറാന്റെ അപേക്ഷ നിരസിക്കുകയായിരുന്നു. ഖാസിം സുലൈമാനിയുടെ വധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ വീണ്ടും യു.എസ് ഇറാന്‍ സംഘര്‍ഷാവസ്ഥ കനക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ഇറാഖും ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.