ബാഗ്ദാദ്: 37 വര്‍ഷത്തിന് ശേഷം രാജ്യവ്യാപകമായി സെന്‍സസ് നടപ്പിലാക്കി ഇറാഖ്. സെന്‍സസിന്റെ ഭാഗമായി രണ്ട് ദിവസങ്ങളില്‍ രാജ്യത്തെ സ്‌കൂളുകളും സ്ഥാപനങ്ങളും അടച്ചിടുകയും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
1987ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് സമ്പൂര്‍ണ സെന്‍സസ് നടത്തുന്നത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ എല്ലാം തന്നെ എന്തെങ്കിലും തരത്തിലുള്ള വിഭാഗീയതകള്‍ സെന്‍സസിനിടെ ഉണ്ടാവാറുണ്ടായിരുന്നു.
2007 സദ്ദാം ഹുസൈന്‍ അധികാരത്തില്‍ നിന്ന് പുറത്തായതിന് ശേഷം ഇറാഖില്‍ ഇതുവരെ സെന്‍സസ് നടന്നിരുന്നില്ല. അതിന് മുമ്പ് 1987ല്‍ നടന്ന സെന്‍സസില്‍ കുര്‍ദിഷ് മേഖലയെ ഉള്‍പ്പെടുത്തിയിരുന്നില്ല. കാരണം അന്ന് മേഖലയില്‍ സ്വയംഭരണമായിരുന്നു നിലനിന്നിരുന്നത്.
2003ല്‍ സെന്‍സസ് നടത്താന്‍ പദ്ധതി ഇട്ടിരുന്നെങ്കിലും രോഗവ്യാപനത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. 2020ല്‍ ആകട്ടെ കോവിഡിനെത്തുടര്‍ന്നും മാറ്റിവെക്കുകയായിരുന്നു.
ഇപ്പോഴത്തെ സെന്‍സസില്‍ പ്രത്യേക പരിശീലനം ലഭിച്ച 1,40,000 സെന്‍സസ് അധികൃതര്‍ രാജ്യത്തുടനീളം സഞ്ചരിച്ചാണ് കണക്കുകള്‍ രേഖപ്പെടുത്തിയത്. ഇതില്‍ വിവിധ വിഷയങ്ങളിലുള്ള 70ലധികം ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഈ ചോദ്യങ്ങളില്‍ വംശീയമായതോ മറ്റ് തര്‍ക്ക വിഷയങ്ങളോ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സൂചന.
അതേസമയം തൊഴിലില്ലായ്മയും ദാരിദ്രവും കാരണം നിരവധി പൗരന്മാര്‍ ഗ്രാമങ്ങളിലെ വീടുകള്‍ ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് പലായനം ചെയ്തത് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വെല്ലുവിളിയായതായി റിപ്പോര്‍ട്ടുകളുണ്ട്.
‘സേവനങ്ങളും തൊഴിലും തേടി ആളുകള്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് നഗരത്തിലേക്ക് മാറുന്നതിനാല്‍ ബാഗ്ദാദും ബസ്രയും പോലുള്ള നഗരങ്ങള്‍ സമ്മര്‍ദ്ദത്തിലാണ്. അതിനാല്‍ ഇതിനെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ കണ്ടെത്താന്‍ പ്രയാസമാണ്.
ജനസംഖ്യയുടെ വിവരങ്ങള്‍ നല്‍കുന്നതിനു പുറമേ, സെന്‍സസ് പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നിര്‍ണായകമാകും, കാരണം ഇത് അവരുടെ ബജറ്റ് വിഹിതത്തെ ബാധിക്കുകയും ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ പ്രവണതകളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യും,’
സെഞ്ച്വറി ഇന്റര്‍നാഷണലിന്റെ ബാഗ്ദാദ് ആസ്ഥാനമായുള്ള പ്രവര്‍ത്തകനായ സജാദ് ജിയാദ് മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.
Content Highlight: Iraq conducts first census since Saddam Hussein’s death