ബാഗ്ദാദ്: ഈജിപ്തിലെ ഹുസ്‌നി മുബാറക്കിന്റെ ഭരണത്തിനെതിരെ ആഞ്ഞടിച്ച ജനവിരുദ്ധ പ്രക്ഷോഭം നടന്ന കെയ്‌റോയിലെ തഹ്‌രീര്‍ ചത്വരം പശ്ചിമേഷ്യ മറക്കാനിടയില്ല. .മൂന്ന് ലക്ഷത്തോളം പേരാണ് അന്ന് തഹരീര്‍ ചത്വരത്തിലെ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. ഇന്ന് ഇറാഖില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് ഇറാഖി ജനം തെരഞ്ഞെടുത്തത് ബാഗ്ദാദിലെ തഹ്‌രീര്‍ ചത്വരമാണ്. ഈജിപ്തയന്‍ ജനതയുടെ അതേ ആവശ്യമുയര്‍ത്തി.
ആയിരക്കണക്കിന് പ്രക്ഷോഭകരാണ് ഇതുവരെയും ഇറാഖ് തലസ്ഥാന നഗരിയായ ബാഗ്ദാദിലെ തഹ്‌രീര്‍ ചത്വരത്തില്‍ എത്തിയത്. സര്‍ക്കാര്‍ രാജിവെക്കുന്നത് വരെ ഇവിടെ സമരം തുടരുമെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്.
ഇറാഖില്‍ രൂക്ഷമായ ഭരണവിരുദ്ധ പ്രക്ഷോഭം രണ്ടാം ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ ആദ്യ വാരം മുതല്‍ തുടങ്ങിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സുരക്ഷാ സൈന്യത്തിന്റെ ആക്രമണത്താല്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പ്രതിഷേധം വീണ്ടും തുടങ്ങിയിരിക്കുകയാണ്.
എന്റെ രാജ്യത്തെ തിരിച്ചു വേണം എന്നാണ് പ്രക്ഷോഭകര്‍ മുദ്രാവാക്യം വിളിക്കുന്നത്. ഇറാഖ് ഷിയ നേതാവ് അയത്തൊള്ള അലി സിസ്താനി പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വെള്ളിയാഴ്ച വരെയാണ് സര്‍ക്കാരിന് സമയം നല്‍കിയത്.ഈ സമയ പരിധി ഇന്നവസാനിക്കുന്നതിനാല്‍ പ്രക്ഷോഭകരുടെ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത.
പ്രക്ഷോഭം അടിച്ചമര്‍ത്താനായി ഇന്റര്‍നെറ്റ് വിഛേദിച്ചതും വന്‍ പ്രതിഷേധമായിരുന്നു.
സര്‍ക്കാരിനെതിരെ നടത്തിയ പ്രക്ഷോഭത്തിനെതിരെ സുരക്ഷാ സൈന്യം നടത്തിയ ആക്രമണത്തില്‍ ഇതുവരെ 157 പേരാണ് മരണപ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വേള്‍ഡ് ബാങ്കിന്റെ കണക്കു പ്രകാരം ഇറാഖിലെ 5 പേരില്‍ ഒരാള്‍ പട്ടിണിയിലാണ്. 25 ശതമാനമാണ് ഇറാഖിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ.
ട്രാന്‍സ്പരന്‍സി ഇന്റര്‍ നാഷണലിന്റെ കണക്കു പ്രകാരം അഴിമതികൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ഇറാഖിന്റെ സ്ഥാനം.
ഐ.എസിനെ തുരത്തിയ ശേഷം അധികാരത്തിലേറിയ പ്രധാനമന്ത്രിക്ക് വലിയെ വെല്ലുവിളിയാണ് ഇപ്പോഴത്തെ പ്രക്ഷോഭം. ഇറാഖ് ഈയടുത്ത് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാണിത്. അതേ സമയം ഇറാഖിലെ കുര്‍ദുകളുടെ മേഖല പ്രക്ഷോഭത്തില്‍ നിന്നു വിട്ടു നില്‍ക്കുകയാണ്.