തെഹ്‌റാന്‍: അഹ്‌വാസില്‍ സൈനികപരേഡിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ അമേരിക്കയും ഗള്‍ഫ് രാഷ്ട്രങ്ങളുമാണെന്ന് ഇറാന്‍. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ പാവസര്‍ക്കാരുകളാണ് ആക്രമണത്തിന് പിന്നിലെന്നും രാജ്യത്ത് അരക്ഷിതാവസ്ഥയുണ്ടാക്കുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമൈനി പറഞ്ഞു. തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും പ്രതികരിച്ചിട്ടുണ്ട്.
തെക്ക് പടിഞ്ഞാറന്‍ ഇറാനിലെ അഹ്‌വാസില്‍ അറബ് വിഘടനവാദി ഗ്രൂപ്പായ “അല്‍ അഹ്‌വാസിയ”യാണ് ആക്രമണം നടത്തിയിരുന്നത്. സൈനിക പരേഡ് നടക്കുമ്പോള്‍ കാണികള്‍ക്കും സൈനികര്‍ക്കും നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. നാലു വയസുകാരിയടക്കം 29 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ആക്രമണത്തിന് പിന്നില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരോ മറ്റുഗ്രൂപ്പുകളോ അല്ലെന്നും അമേരിക്കയും ഇസ്രായേലുമായി ബന്ധമുള്ളവരാണെന്നും ഇറാന്‍ സൈനിക വക്താവ് പറഞ്ഞിരുന്നു. രണ്ട് ഗള്‍ഫ് രാഷ്ട്രങ്ങളാണ് തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയതെന്നും വക്താവ് പറഞ്ഞിരുന്നു.
സൗദിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന സംഘടനയാണ് “അല്‍ അഹ്‌വാസിയ”. ഇപ്പോള്‍ ആക്രമണം ഉണ്ടായ രാജ്യത്തെ എണ്ണ സമ്പന്ന മേഖലയായ ഖുസെസ്താനെ ഇറാനില്‍ നിന്ന് വേര്‍പെടുത്തണമെന്നാണ് അഹ്‌വാസിയയുടെ ആവശ്യം. ഇറാഖ് അതിര്‍ത്തി മേഖലയായ ഖുസെസ്താനെ സ്വന്തമാക്കാന്‍ നേരത്തെ സദ്ദാം ഹുസൈനും ശ്രമിച്ചിരുന്നു. അറബ് വംശജര്‍ ധാരാളമുള്ള ഖുസെസ്താനിലായിരുന്നു 1980ലെ ഇറാന്‍-ഇറാഖ് യുദ്ധം കൂടുതലും നടന്നത്.