തെഹ്രാന്‍: ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാനും അമേരിക്കയും തമ്മിലുള്ള വാക് പോര് കനക്കുന്നു. ട്രംപ് കോട്ടിട്ട തീവ്രവാദിയാണെന്നാണ് ഇറാന്‍ വാര്‍ത്താ വിതരണ മന്ത്രിയായ മുഹമ്മദ് ജാവേദ് അസാരി ജറോമി ആരോപിച്ചിരിക്കുന്നത്.
‘ട്രംപ് ഒരു തീവ്രവാദിയാണ് ഐ.എസിനെയും ഹിറ്റലറിനെയും പോലെ. അവരെല്ലാം സംസ്‌കാരങ്ങളെ ഭയപ്പെടുന്നു. മഹത്തായ ഇറാനിയന്‍ രാഷ്ട്രത്തെയും ഇറാനിയന്‍ സംസ്‌കാരത്തെയും തോല്‍പ്പിക്കാനാവില്ലെന്ന ചരിത്രം അദ്ദേഹം ഉടന്‍ തിരിച്ചറിയും’, ഇറാനിയന്‍ മന്ത്രി ട്വീറ്റ് ചെയ്തു.
ഖാസിം സുലൈമാനിയുെട കൊലപാതകത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷത്തിനുള്ള സാധ്യത കൂടി വരുകയാണ്.
തിരിച്ചടിക്കാനാണ് ഇറാന്റെ തീരുമാനമെങ്കില്‍ അമേരിക്കന്‍ സേനയുടെ കരുത്ത് അറിയാമെന്നായിരുന്നു ട്രംപിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. അമേരിക്കന്‍ സേന തങ്ങളുടെ അത്യാധുനിക സൈനിക ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം ഇറാനിലെ ജംകരനിലെ പള്ളിയില്‍ ചുവന്ന പതാക ഉയര്‍ന്നത് ഇറാന്‍ ഖാസിം സുലൈമാനിയുടെ മരണത്തില്‍ ഇറാന്‍ വെറുതെയിരിക്കില്ല എന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.