ടെഹ്‌റാൻ: സമാധാന നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിക്ക് ഒരുവർഷത്തെ തടവ് ശിക്ഷ വിധിച്ച് ഇറാനിയൻ കോടതി. രാജ്യത്തിനെതിരായ പ്രചാരണങ്ങൾ നടത്തിയെന്നാരോപിച്ചാണ് നർഗീസ് മുഹമ്മദിക്ക് വീണ്ടും ശിക്ഷ വിധിച്ചത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തടവിൽ കഴിയുന്ന മുഹമ്മദി ഭരണകൂടത്തിനെതിരായി പ്രവർത്തനങ്ങൾ നടത്തിയെന്ന് കോടതി വീക്ഷിച്ചു. മുഹമ്മദിയുടെ അഭിഭാഷകനായ മുസ്തഫ നിലി വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവക്കുകയായിരുന്നു.
സ്ത്രീകൾക്കെതിരെയുള്ള നിർബന്ധിത ഹിജാബ് നിയമത്തിനെതിരെയും ഇറാനിലെ വധശിക്ഷക്കെതിരെയും പ്രതികരിച്ചതിന് നർഗീസ് മുഹമ്മദി 2021 നവംബർ മുതൽ ജയിലിലാണ്.
ഇറാനിലെ സദാചാര പൊലീസിനാൽ ബലാത്സംഗം ചെയ്യപ്പെട്ട വിദ്യാർത്ഥിനിയും ജേർണലിസ്റ്റുമായ ദിന ഖാലിബാഫിനുവേണ്ടി മുഹമ്മദി സംസാരിച്ചിരുന്നു. ഇത് അധികാരികളെ ചൊടിപ്പിച്ചെന്നും മുഹമ്മദിയുടെ അഭിഭാഷകനായ നിലി പറഞ്ഞു.
മെട്രോ സ്റ്റേഷനിൽ നിന്നും ദിനയെ കൈവിലങ്ങോടുകൂടി അറസ്റ്റ് ചെയ്യുകയും പിന്നീട് ബലാത്സംഗം ചെയ്യുകയും ചെയ്‌തെന്ന് നർഗീസ് മുഹമ്മദി പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് ആരോപിച്ച് പൊലീസ് കേസ് എടുക്കുകയായിരുന്നു.
അതോടൊപ്പം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഇറാനികളോട് ആഹ്വാനം ചെയ്ത് നർഗീസ് മുഹമ്മദി എഴുതിയ കത്തുകളും സ്വീഡൻ, നോർവീജിയൻ പാർലമെന്റിനെതിരെ പ്രതികരിക്കാനൊരുങ്ങുന്ന ആക്ടിവിസ്റ്റുകളുമായുള്ള കത്തുകളും
നർഗീസ് മുഹമ്മദിക്കെതിരെയുള്ള തെളിവുകളായി കോടതി കണക്കാക്കി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ക്രിമിനൽ കോടതികളിൽ മുഹമ്മദി ആറ് തവണ വിചാരണക്ക് വിധേയയായി. അതിന്റെ ഫലമായി 13 വർഷവും മൂന്ന് മാസവും തടവും 154 ചാട്ടവാറടിയും നാടുകടത്തലും തെരുവ് വൃത്തിയാക്കലും ശിക്ഷയായി ലഭിച്ചിരുന്നെന്ന് മുഹമ്മദിയുടെ അഭിഭാഷകൻ പറഞ്ഞു.
എന്നാൽ തടവ് നർഗീസ് മുഹമ്മദിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയിട്ടില്ല. ഗസയിലെ കൂട്ടക്കുരുതിക്കെതിരെ അവർ കത്ത് എഴുതി പ്രസിദ്ധീകരിച്ചിരുന്നു. റഫയിൽ 45 ഫലസ്തീനികൾ കൊല്ലപ്പെട്ട അഭയാർത്ഥി ക്യാമ്പിലെ ആക്രമണത്തെ അവർ അപലപിച്ചു.
52 കാരിയായ അവർ തന്റെ സെല്ലിൽ നിന്നും ഭരണകൂടത്തിന്റെ നിർബന്ധിത ഹിജാബ് നിയമത്തെ ചെറുക്കാനായി നിരവധി പ്രതിഷേധങ്ങൾ നടത്തി. ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്നാരോപിച്ച് അറസ്റ്റിലായതിന് ശേഷം കൊല്ലപ്പെട്ട മഹ്‌സ അമിനിയെന്ന 22 കാരിയുടെ മരണത്തിലും മുഹമ്മദി പ്രതിഷേധിച്ചിരുന്നു. നർഗീസ് മുഹമ്മദിയുടെ പ്രതിഷേധങ്ങൾക്ക് വലിയ പിന്തുണയും ലഭിച്ചിരുന്നു.
ഇറാനിലെ സ്ത്രീകൾക്കെതിരായ അടിച്ചമർത്തലുകൾക്കെതിരെയുള്ള പോരാട്ടവും മനുഷ്യാവകാശ പ്രവർത്തനങ്ങളും അവർക്ക് 2023 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിക്കൊടുത്തു.
Content Highlight: Iraniyan court slaps one year prison term on Nobel laureate Nargees Mohammadi