ടെഹ്‌റാന്‍: മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്തവര്‍ക്ക് നേരെ വെടിയുതിര്‍ത്ത ഇറാനിയന്‍ സുരക്ഷാ സേനയുടെ നടപടിക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു.
തങ്ങളെ നിരീക്ഷിക്കുന്നതിന് വേണ്ടി അധികൃതര്‍ സ്ഥാപിച്ച സുരക്ഷാ ക്യാമറകള്‍ സാനിറ്ററി പാഡുകള്‍ കൊണ്ട് മൂടിയാണ് ഇറാനി വനിതകള്‍ പ്രതിഷേധിക്കുന്നത്.
മെട്രോ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ സാനിറ്ററി പാഡുകളുപയോഗിച്ച് കവര്‍ ചെയ്തതിന്റെ നിരവധി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മൂടപ്പെട്ട ചില സെക്യൂരിറ്റി ക്യാമറകള്‍ക്ക് സമീപത്തായി, പ്രതിഷേധത്തിനിടെ തടവിലാക്കപ്പെട്ടവരും കൊല്ലപ്പെട്ടവരുമായ ഇറാനിലെ രാഷ്ട്രീയ വിമതരുടെ പേരുകള്‍ എഴുതിവെച്ചിരിക്കുന്നതും കാണാം.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ഒരു മെട്രോ സ്‌റ്റേഷനില്‍ വെച്ചായിരുന്നു പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന വെടിയുതിര്‍ത്തത്.
ഇതിന് പിന്നാലെയാണ് തങ്ങളെ നിരീക്ഷിക്കുന്നതില്‍ നിന്നും സ്ത്രീകളുടെ ‘ഡ്രസ് കോഡ്’ നടപ്പിലാക്കുന്നതില്‍ നിന്നും അധികാരികളെ തടയാന്‍ ഇറാനിലെ ജനങ്ങള്‍ സാനിറ്ററി പാഡുകളുപയോഗിച്ച് ‘പോരാട്ടം’ തുടങ്ങിയത്.
അമിനിയുടെ മരണത്തിലുള്ള പ്രതിഷേധ പരമ്പരകളുടെ മുന്‍നിരയിലുള്ള സ്ത്രീകളെ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമെതിരായ ശക്തമായ പ്രസ്താവനയായാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഈ നടപടിയെ ആഘോഷിക്കുന്നത്.
ഇറാനിലെ സാക്വസ് സ്വദേശിയായ മഹ്സ അമിനി ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ച് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയായിരുന്നു കൊല്ലപ്പെട്ടത്. പിന്നാലെ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയും പ്രതിഷേധ സൂചകമായി തങ്ങളുടെ തലയില്‍ നിന്നും ഹിജാബ് വലിച്ചൂരുകയും കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തിരുന്നു.
ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ചായിരുന്നു സദാചാര പൊലീസ് 22കാരിയായ അമിനിയെ അറസ്റ്റ് ചെയ്തത്. ടെഹ്റാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 16ന് അമിനി കൊല്ലപ്പെടുകയായിരുന്നു.
പൊലീസ് വാനില്‍ വെച്ച് മഹ്‌സയെ പൊലീസ് മര്‍ദിച്ചതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.
മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിലുടനീളവും അന്താരാഷ്ട്ര തലത്തില്‍ തന്നെയും ഇറാന്‍ ഭരണകൂടത്തിനും സദാചാര പൊലീസിനുമെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഹിജാബ് നിയമം പിന്‍വലിക്കുകയും മൊറാലിറ്റി പൊലീസ് സിസ്റ്റം നിര്‍ത്തലാക്കുകയും ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
Content Highlight: Iranians use sanitary pads to fight against the surveillance of women by gov and security force