| Monday, 9th January 2023, 6:02 pm

പ്രതിഷേധക്കാരെ തൂക്കിലേറ്റുന്നത് തുടര്‍ന്ന് ഇറാന്‍; ജയിലിന് മുന്നില്‍ തടിച്ചുകൂടി ജനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇറാനില്‍ കരാജ് (Karaj) നഗരത്തിലെ ജയിലിന് മുന്നില്‍ പ്രതിഷേധിച്ച് ജനങ്ങള്‍.

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളില്‍ കരാജിലെ ജയിലില്‍ കഴിയുന്ന രണ്ട് പേരെക്കൂടി അധികൃതര്‍ തൂക്കിലേറ്റാനൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് തലസ്ഥാനമായ ടെഹ്‌റാനിനടുത്തുള്ള ജയിലിന് മുന്നില്‍ നൂറുകണക്കിന് പേര്‍ പ്രതിഷേധ പ്രകടനവുമായി ഒത്തുകൂടിയത്.

22കാരനായ മുഹമ്മദ് ഗൊബാദ്ലൂവിന്റെയും (Mohammad Ghobadlou) 19കാരനായ മുഹമ്മദ് ബൊറൂഗാനിയുടെയും (Mohammad Boroughani) വധശിക്ഷ തടയാന്‍ കരാജിലെ രാജായി-ഷഹര്‍ ജയിലിന് (Rajaei-Shahr Prison) മുന്നില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ജനക്കൂട്ടം തടിച്ചുകൂടിയതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഗൊബാദ്ലൂവിന്റെയും ബൊറൂഗാനിയുടെയും കുടുംബാംഗങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.

ഇറാനിയന്‍ സുരക്ഷാ സേനാംഗങ്ങളെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് യുവാക്കള്‍ക്ക് ഇറാനിയന്‍ സുപ്രീംകോടതി വധശിക്ഷ വിധിച്ചത്. ഇവര്‍ നിലവില്‍ ഏകാന്ത തടവിലാണുള്ളത്.

ഹിജാബ് വസ്ത്രധാരണ നിയമം ലംഘിച്ചതിന് മോറല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഇറാനിയന്‍- കുര്‍ദിഷ് യുവതി മഹ്സ അമിനി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16ന് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധത്തിന്റെ ഭാഗമായി തെക്കുകിഴക്കന്‍ സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വെള്ളിയാഴ്ചകളില്‍ സര്‍ക്കാര്‍ വിരുദ്ധ മാര്‍ച്ചുകള്‍ നടന്നിരുന്നു.

സാക്വസ് സ്വദേശിയായ മഹ്‌സ അമിനി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്ത് സ്ത്രീകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയും പ്രതിഷേധ സൂചകമായി തങ്ങളുടെ തലയില്‍ നിന്നും ഹിജാബ് വലിച്ചൂരുകയും കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തിരുന്നു. പിന്നീട് സെലിബ്രിറ്റികളടക്കം പ്രതിഷേധത്തെ ഏറ്റെടുക്കുകയും ഇതൊരു ക്യാമ്പയിന്‍ മോഡലിലേക്ക് മാറുകയുമായിരുന്നു.

ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ചായിരുന്നു സദാചാര പൊലീസ് 22കാരിയായ അമിനിയെ അറസ്റ്റ് ചെയ്തത്. ടെഹ്‌റാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 16ന് അമിനി കൊല്ലപ്പെട്ടു.

പൊലീസ് വാനില്‍ വെച്ച് മഹ്സയെ പൊലീസ് മര്‍ദിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.

മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിലുടനീളവും അന്താരാഷ്ട്ര തലത്തില്‍ തന്നെയും ഇറാന്‍ ഭരണകൂടത്തിനും സദാചാര പൊലീസിനുമെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഹിജാബ് നിയമം പിന്‍വലിക്കുകയും മൊറാലിറ്റി പൊലീസ് സിസ്റ്റം നിര്‍ത്തലാക്കുകയും ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

Content Highlight: Iranians protest in front of Karaj prison amid reports that two more men could soon be executed in cases linked with protests

We use cookies to give you the best possible experience. Learn more