ടെഹ്റാന്‍: ഫലസ്തീന്‍ അനുകൂല പ്രക്ഷോഭത്തില്‍ യു.എസ് സര്‍വകലാശാലകള്‍ പുറത്താക്കിയ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് ഇറാന്‍. പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല വിദ്യാഭ്യസ സാഹചര്യമൊരുക്കാന്‍ ഇറാനിലെ രണ്ട് സര്‍വകലാശാലകള്‍ സന്നദ്ധരായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് & ടെക്‌നോളജി (ഐ.യു.എസ്.ടി), അല്ലാമേ തബതാബായി യൂണിവേഴ്‌സിറ്റി (എ.ടി.യു) എന്നീ സര്‍വകലാശാല പ്രസിഡന്റുമാരാണ് പ്രഖ്യാപനം നടത്തിയത്.
പുറത്താക്കപ്പെട്ട ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികളെ ക്യമ്പസില്‍ പ്രവേശിപ്പിക്കാനും മുമ്പ് ലഭിച്ചിരുന്ന ബോണസടക്കമുള്ള മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കാന്‍ തയ്യാറാണെന്നും ഐ.യു.എസ്.ടി പ്രസിഡന്റ് മന്‍സൂര്‍ അന്‍ബിയ അറിയിച്ചു.
യു.എസ് പുറത്താക്കിയ ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫസര്‍മാര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കാനും അവരെ പേര്‍ഷ്യന്‍ ഭാഷ പഠിപ്പിക്കാനും സര്‍വകലാശാല തയ്യാറാണെന്നും എ.ടി.യു പ്രസിഡന്റ് അബ്ദുല്ല മൊതമേദിയും പറഞ്ഞു.
അതേസമയം യു.എസിന് പുറമെ യൂറോപ്പിലെ ക്യമ്പസുകളിലും ഇസ്രഈല്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ നടത്തിയതിന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളെ സ്‌കോളര്‍ഷിപ്പ് നല്‍കികൊണ്ട് പഠിപ്പിക്കാന്‍ ഒരുക്കമാണെന്ന് ഷാഹിദ് ബെഹെഷ്തി സര്‍വകലാശാല ഡീന്‍ സെയ്ദ് മഹ്‌മൂദ് അഘാമിരി അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭം തടയാന്‍ യു.എസ് പൊലീസ് ഇതുവരെ 2,200 ഓളം പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ ഐവി ലീഗ് ഇന്‍സ്റ്റിറ്റിയൂഷന്‍ നല്‍കിയ സമയ പരിധി ലംഘിച്ച് ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ക്യാമ്പില്‍ നിന്നും പുറത്തു പോവാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥികളെ കൊളംബിയ സര്‍വകലാശാല കൂട്ടമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
സര്‍വകലാശാലയിലെ മറ്റ് വിദ്യാര്‍ത്ഥികളുടെ അക്കാദമിക്ക് വര്‍ഷം ആരംഭിക്കുകയാണെന്നും അതുമായി ബന്ധപ്പെട്ട പരിപാടികള്‍ പ്രശ്നങ്ങള്‍ ഇല്ലാതെ നടക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ക്യാമ്പുകള്‍ എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ടതെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.
Content Highlight: Iranian universities ready to accept pro-Palestinian students expelled by the US