ഇറാനിയന്‍ സര്‍വകലാശാലയില്‍ ഹിജാബ് നിയന്ത്രണത്തിനെതിരെ വസ്ത്രമഴിച്ച് പ്രതിഷേധിച്ച യുവതി മാനസികാരോഗ്യ ആശുപത്രിയില്‍
World News
ഇറാനിയന്‍ സര്‍വകലാശാലയില്‍ ഹിജാബ് നിയന്ത്രണത്തിനെതിരെ വസ്ത്രമഴിച്ച് പ്രതിഷേധിച്ച യുവതി മാനസികാരോഗ്യ ആശുപത്രിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th November 2024, 10:51 pm

ടെഹ്‌റാന്‍: ഇറാനിലെ ഹിജാബ് നിയന്ത്രണത്തിനെതിരെ വസ്ത്രമഴിച്ച് പ്രതിഷേധിച്ച യുവതിയെ മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്.

യുവതിക്ക് മാനസിക അസ്വസ്ഥകള്‍ ഉണ്ടെന്നും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും അതിനാലാണ് ഇങ്ങനെയൊക്കെ പെരുമാറിയതെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞതായി സിയാസത്ത് റിപ്പോര്‍ട്ട് ചെയ്തു. അല്ലാതെ വിദ്യാര്‍ത്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പ്രേരിതമല്ലെന്നും സര്‍വകലശാല വിശദീകരിച്ചു.

അതേസമയം സര്‍വകലാശാലയുടെ വിശദീകരണത്തില്‍ ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥിനിയുടെ പെരുമാറ്റം ഇറാന്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിനെതിരല്ലെന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള അധികൃതരുടെ തന്ത്രങ്ങളിലൊന്നാണെന്നും ഹ്യുമന്‍ റ്റൈ്‌സ് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ടെഹ്‌റാന്‍ സയന്‍സ് റിസര്‍ച്ച് സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ത്ഥിനി ഇറാന്‍ ഭരണകൂടത്തിന്റെ ഹിജാബ് നിയന്ത്രണത്തിനെതിരെ പ്രതിഷേധിച്ചത്. 2022ല്‍ കൊല്ലപ്പെട്ട മഹ്‌സ അമിനിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിഷേധം കൂടിയായിരുന്നു വിദ്യാര്‍ത്ഥിനിയുടേത്.

ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരില്‍ ഖുര്‍ദിഷ് വംശജയായ മഹ്സയെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കസ്റ്റഡിയില്‍ വെച്ച് മഹ്സ കൊല്ലപ്പെടുകയും ചെയ്തു.

വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി അടിവസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥിനിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിക്കെതിരെ ഇറാന്‍ പൊലീസ് നടപടിയെടുക്കുകയും ചെയ്തു.

ഇറാന്‍ ഭരണകൂടത്തിന്റെ വസ്ത്ര നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തതില്‍ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചിരുന്നു.

പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിദ്യാര്‍ത്ഥിയെ നിരുപാധികമായി മോചിപ്പിക്കണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. അറസ്റ്റിനിടെ വിദ്യാര്‍ത്ഥിനി മര്‍ദനവും ലൈംഗികാതിക്രമവും നേരിട്ടുവെന്ന ആരോപണങ്ങളില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും മനുഷ്യാവകാശ സംഘടന പറഞ്ഞു.

Content Highlight: Iranian student strips down against hijab laws admitted to mental hospital