ഇറാനില്‍ ജീവപര്യന്തം തടവുകാരന്‍ കാനഡയിലേക്ക് രക്ഷപ്പെട്ടു
World News
ഇറാനില്‍ ജീവപര്യന്തം തടവുകാരന്‍ കാനഡയിലേക്ക് രക്ഷപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th August 2019, 5:52 pm

തെഹ്‌റാന്‍: ഇറാനില്‍ 11 വര്‍ഷത്തോളമായി ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതി കാനഡയിലേക്ക് രക്ഷപ്പെട്ടു. സഈദ് മലേക്‌പോര്‍ ആണ് രക്ഷപ്പെട്ടത്. ഇറാന്‍ വംശജനായ സഈദിന് കനേഡിയന്‍ പൗരത്വമുണ്ട്.

പോണ്‍ വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്ത കുറ്റത്തിനാണ് 2008ല്‍ ഇറാന്‍ സഈദിനെ ജയിലിലടച്ചത്. ജയിലില്‍ നിന്നും മൂന്നു ദിവസത്തേക്ക് സഈദിനെ അധികൃതര്‍ വിട്ടയച്ചിരുന്നു. ഈ സമയത്താണ് രക്ഷപ്പെട്ടത്. മൂന്നാമതൊരു രാജ്യത്ത് കൂടിയാണ് രക്ഷപ്പെടലെന്നാണ് സൂചന.

സഈദ് കാനഡയിലെത്തിയതിന്റെ വീഡിയോ സഹോദരി ട്വീറ്റ് ചെയ്തിട്ടുണ്ട്. സഹോദരന്‍ കാനഡയില്‍ തിരിച്ചെത്തിയതെങ്ങനെയാണെന്നുള്ള വിവരങ്ങള്‍ ഇവര്‍ പുറത്തു വിട്ടിട്ടില്ല.

ഐക്യരാഷ്ട്ര സഭയുടെയും മറ്റു മനുഷ്യാവകാശ സംഘടനകളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു സഈദിനെ താത്ക്കാലികമായി വിട്ടയ്ക്കാന്‍ ഇറാന്‍ തയ്യാറായത്.

2008ല്‍ പിതാവിനെ കാണാനെത്തിയപ്പോഴാണ് സഈദിനെ ഇറാന്‍ അറസ്റ്റ് ചെയ്യുന്നത്. ആദ്യം വധശിക്ഷയാണ് വിധിച്ചതെങ്കിലും പിന്നീട് ജീവപര്യന്തമാക്കുകയായിരുന്നു. ശിക്ഷയനുഭവിക്കുന്നതിനിടെ കടുത്ത ശാരീരിക,മാനസിക പീഡനമേല്‍ക്കേണ്ടി വന്നിരുന്നുവെന്നും ഒരു വര്‍ഷം അദ്ദേഹത്തെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞിരുന്നു.

ഇന്‍ര്‍നെറ്റിലേക്ക് ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനായി നിര്‍മിച്ച പ്രോഗാം തന്റെ അറിവില്ലാതെയാണ് പോണ്‍സൈറ്റുകള്‍ക്കായി ഉപയോഗിച്ചതെന്ന് സഈദ് പറഞ്ഞിരുന്നു.