തെഹ്‌രാന്‍: വര്‍ധിച്ച ഇന്ധല വിലയ്‌ക്കെതിരായി ഇറാനില്‍ നടന്നു വരുന്ന പ്രക്ഷോഭം ശത്രുക്കളുടെ ഗൂഡാലോചനെയെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി.മേഖലയില്‍ സിയോണിസ്റ്റുകളും അമേരിക്കയും വിത്തു പാകിയ ശക്തിയാണ് പ്രക്ഷോഭത്തിനു പിന്നിലെന്ന് റൂഹാനി പറഞ്ഞതതായി ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രക്ഷോഭത്തിനു നേരെ സുരക്ഷാ സൈന്യം നടത്തിയ ആക്രമണത്തില്‍ 106 പേര്‍ കൊല്ലപ്പെട്ടു എന്ന ആനംസ്റ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് റൂഹാനിയുടെ പ്രസ്താവന. റിപ്പോര്‍ട്ടിനെ ഇറാന്‍ തള്ളിക്കളഞ്ഞു.
നേരത്തെ ഇറാന്‍ പരമോന്നത നേതാവായ അയത്തൊള്ള ഖമേനിയും പ്രക്ഷോഭത്തെ നിസ്സാരവല്‍ക്കരിച്ചിരുന്നു. പ്രക്ഷോഭം ഒരു സുരക്ഷാ പ്രശ്‌നം മാത്രമണെന്നും പരിഹരിച്ചിട്ടുണ്ടെന്നുമാണ് ഖമേനി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
ഇറാനിലെ 21 നഗരങ്ങളിലായി നടന്ന പ്രക്ഷോഭത്തിനു നേരെ സുരക്ഷാ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 106 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ആംനസ്റ്റിയുടെ കണക്കുകളില്‍ പറഞ്ഞിരുന്നത്. പ്രക്ഷോഭം തുടങ്ങി ആറു ദിവസം പിന്നിടുമ്പോഴാണ് ഇത്രയും മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്. പ്രക്ഷോഭത്തിനു നേരെ മാരകായുധാക്രമണങ്ങളാണ് ഇറാനിയന്‍ സൈന്യം നടത്തുന്നത് എന്നും ആരോപണമുണ്ട്. രാജ്യത്തെ പല നഗരങ്ങളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചിരിക്കുകയാണ്. വിഷയത്തില്‍ ആശങ്കയുണ്ടെന്ന് യു.എന്നും അറിയിച്ചിരുന്നു.
പ്രക്ഷോഭം തുടങ്ങി ആറു ദിവസം പിന്നിടുമ്പോഴാണ് ഇത്രയും മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇറാനില്‍ ഇന്ധനവില 50 ശതമാനം വര്‍ധിപ്പിച്ചതായും നിലവില്‍ ഇന്ധനവിതരണത്തില്‍ ലഭിക്കുന്ന സബ്സിഡികള്‍ എടുത്തുകളയുന്നതായും ഇറാന്‍ സര്‍ക്കാര്‍ അറിയിച്ചത്.വില വര്‍ധന അംഗീകരിക്കാവില്ലെന്ന് അറിയിച്ചു കൊണ്ട് പ്രക്ഷോഭം തുടങ്ങുകയായിരുന്നു.