| Thursday, 11th January 2024, 8:04 pm

അമേരിക്ക 'മോഷ്ടിച്ച' ഓയിൽ ടാങ്കർ തിരിച്ചുപിടിച്ച് ഇറാൻ; കപ്പലിലുള്ളത് 8,00,000 ബാരൽ ക്രൂഡ് ഓയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാൻ: അമേരിക്ക ‘മോഷ്ടിച്ചുവെന്ന്’ ഇറാൻ ആരോപിച്ച ഓയിൽ ടാങ്കർ പിടിച്ചെടുത്തതായി ഇറാൻ നാവിക സേന.

ജനുവരി 11ന് ഇന്ത്യൻ സമയം രാവിലെ ഒമ്പത് മണിക്ക് ഒമാനിൽ നിന്ന് പുറപ്പെട്ട സെന്റ് നിക്കോളാസ് എന്ന കപ്പലാണ് ഇറാൻ നാവിക സേന പിടിച്ചെടുത്തത്.

ഉപരോധം ഏർപ്പെടുത്തിയ ഇറാനിയൻ ഓയിൽ ചൈനയിലേക്ക് കൊണ്ടുപോകുന്നു എന്നാരോപിച്ച് 2023ൽ യു.എസ് സൂയസ് റജാൻ എന്ന ഇറാനി കപ്പലിനെ പിടിച്ചടക്കിയിരുന്നു. ഇത് യു.എസും ഇറാനും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമാക്കുകയും ചെയ്തു.

കപ്പൽ യു.എസ് മോഷ്ടിക്കുകയും പേര് മാറ്റുകയും ചെയ്തതാണെന്ന് ഇറാൻ സർക്കാർ ചാനൽ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ട്രാക്കിങ് വിവരങ്ങൾ പ്രകാരം കപ്പൽ ഇറാനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

മാസങ്ങളോളം ദക്ഷിണ ചൈന കടലിൽ നിഷ്ക്രിയമായി കിടന്നശേഷമാണ് സൂയസ് റജാനെ യു.എസ് ഉൾക്കടലിലേക്ക് മാറ്റിയത്. തുടർന്ന് 8,00,000 ബാരൽ ക്രൂഡ് ഓയിൽ ലേലം ചെയ്യാൻ യു.എസ് ശ്രമം നടത്തിയിരുന്നു. എന്നാൽ ഇറാനിൽ നിന്നുണ്ടായേക്കാവുന്ന തിരിച്ചടികൾ ഭയന്ന് എണ്ണ കമ്പനികളൊന്നും ലേലത്തിൽ പങ്കെടുക്കാൻ തയ്യാറായില്ല.

ക്രൂഡ് ഓയിലിന്റെ വില രണ്ട് ശതമാനം ഉയർന്ന സാഹചര്യത്തിലാണ് ഇറാൻ കപ്പൽ വീണ്ടെടുക്കുന്നത്.

ഇന്ത്യൻ മഹാസമുദ്രത്തെയും മധ്യ പശ്ചിമേഷ്യൻ ബന്ധിപ്പിക്കുന്ന ഹോർമസ് കടലിടുക്കിലേക്കുള്ള തിരക്കേറിയ ജല പാതയാണ് ഒമാൻ ഉൾക്കടൽ.

2022 മേയ് മാസത്തിൽ ഗ്രീസിൽ വെച്ച് റഷ്യൻ കപ്പലിൽ നിന്ന് ഇറാനിയൻ ഓയിൽ പിടിച്ചെടുത്ത യു.എസ് അത് സ്വന്തം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഗ്രീക്ക് കോടതി യു.എസ് നീക്കത്തെ തടഞ്ഞു.

2021 ഫെബ്രുവരിയിൽ ഫുജൈറയിൽ നിന്ന് പിടിച്ചെടുത്ത ഇറാനിയൻ ഓയിൽ 110 മില്യൺ ഡോളറിന് യു.എസ് മറിച്ചുവിറ്റിരുന്നു.

തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ മറവിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിറിയയിൽ നിന്നും യു.എസ് എണ്ണ മോഷ്ടിക്കുന്നതായി സിറിയൻ ഓയിൽ മന്ത്രാലയം ആരോപിച്ചിരുന്നു.

രാജ്യത്തെ ആകെ എണ്ണ ഉത്പാദനത്തിൽ 80 ശതമാനവും യു.എസ് മോഷ്ടിച്ചതായി മന്ത്രാലയം പറഞ്ഞു.

Content highlight: Iranian navy seizes “stolen” tanker in Gulf of Oman hijacking

We use cookies to give you the best possible experience. Learn more