ആണവോര്‍ജ മുങ്ങിക്കപ്പലുകള്‍ രംഗത്തിറക്കാന്‍ ഇറാന്‍; പ്രഖ്യാപനം അമേരിക്കന്‍ നാവികസേനയുമായി മുഖാമുഖമെത്തിയതിനു പിന്നാലെ
World News
ആണവോര്‍ജ മുങ്ങിക്കപ്പലുകള്‍ രംഗത്തിറക്കാന്‍ ഇറാന്‍; പ്രഖ്യാപനം അമേരിക്കന്‍ നാവികസേനയുമായി മുഖാമുഖമെത്തിയതിനു പിന്നാലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th April 2020, 12:26 pm

തെഹ്‌രാന്‍: ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കാനൊരുങ്ങി ഇറാന്‍ നാവിക സേന. ഗാര്‍ഹിക ജലത്തിനപ്പുറത്ത് കടലില്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതെന്ന് ഇറാന്‍ നാവിക സേന അറിയിച്ചു.

‘ആണവോര്‍ജ്ജം ഉപയോഗിച്ച് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നത് ഇറാന്‍ പരിഗണിക്കാതിരുന്നാല്‍ അത് അവഗണനാപരമാണ്,’ ഇറാന്‍ നാവിക സേന ക്യാപ്റ്റന്‍ ഹുസൈന്‍ ഖന്‍സാദി പറഞ്ഞു.

50 സൈനികരെ ഉള്‍ക്കൊള്ളുന്നതും പരുക്കന്‍ വെള്ളത്തിലൂടെ സഞ്ചരിക്കാനും കഴിവുള്ള ചില മുങ്ങിക്കപ്പലുകള്‍ ഇറാന്റെ കൈവശമുണ്ട്. എന്നാല്‍ ഇവ പരമ്പരാഗത ഊര്‍ജ്ജമാണ് ഉപയോഗിക്കുന്നത്. ഡീസല്‍-ഇലക്ട്രിക് മുങ്ങിക്കപ്പലുകളേക്കാള്‍ ആണവോര്‍ജ മുങ്ങിക്കപ്പലുകള്‍ക്ക് പ്രവര്‍ത്തന ശേഷിയുണ്ടാവും. കാരണം ഇവയ്ക്ക് ഇടയ്ക്കിടെ ഇന്ധനം നിറയ്‌ക്കേണ്ട ആവശ്യമില്ല. ഒപ്പം കുറേ കാലത്തേക്ക് പ്രവര്‍ത്തനക്ഷമതയുമുണ്ടാവും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഓരോ രാജ്യത്തെയും പ്രതിരോധവകുപ്പിന്റെ നയത്തിനുസരിച്ചാണ് മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുക. നിലവില്‍ അമേരിക്കയുള്‍പ്പെടുന്ന ചില രാജ്യങ്ങള്‍ മുങ്ങിക്കപ്പലുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ഇറാന്‍ നാവിക സേന വ്യക്തമാക്കുന്നത്. എപ്പോഴാണ് മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്നതെന്ന് സേന വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ദിവസം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ കപ്പലുകള്‍ ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ നാവിക സേനയ്ക്ക് മുഖാമുഖം എത്തിയതിനു പിന്നാലെയാണ് മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്നു എന്ന് ഇറാന്‍ സേന പ്രഖ്യാപിക്കുന്നത്. സൈനിക ഹെലികോപ്ടറുകളുമായി സംയോജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് 6 അമേരിക്കന്‍ സൈനിക കപ്പലുകള്‍ക്കു നേരെ റെവല്യൂഷണറി ഗാര്‍ഡിന്റെ കപ്പലുകള്‍ എത്തിയത്.

ഒരു ഘട്ടത്തില്‍ അമേരിക്കന്‍ കപ്പലുകളുടെ വളരെ അടുത്തേക്ക് ഇറാനിയന്‍ കപ്പലുകള്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിഡ്ജ് ടു ബ്രിഡ്ജ് റേഡിയോയിലൂടെയും കപ്പലുകളുടെ ഹോണുകള്‍ മുഴക്കിയും അമേരിക്കന്‍ കപ്പലുകള്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഒരു മണിക്കൂറിനു ശേഷമാണ് ഇറാനിയന്‍ കപ്പലുകള്‍ സംഭവസ്ഥലത്തു നിന്ന് മടങ്ങിയത്. ബുധനാഴ്ചയാണ് ഇറാനിയന്‍ കപ്പലുകള്‍ അമേരിക്കന്‍ കപ്പലുകള്‍ക്കു നേരെയെത്തിയത്. ഇറാന്റെ അപകടകരമായ നീക്കമാണിതെന്ന് അമേരിക്കന്‍ സൈന്യം പ്രതികരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ