| Wednesday, 1st February 2023, 7:25 pm

പ്രതിഷേധങ്ങൾക്ക് പിന്തുണയറിയിച്ചു; സംവിധായകന് വിലക്കേർപ്പെടുത്തി ഇറാൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാൻ: ഇറാനിലെ സമരങ്ങൾക്ക് പിന്തുണയറിയിച്ചതിന് പിന്നാലെ പ്രശസ്ത സംവിധായകൻ മസൂദ് കിമിയായിക്ക് യാത്രാവിലക്കേർപ്പെടുത്തി ഇറാൻ. സദാചാര പൊലീസിന്റെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മഹ്സ അമിനിയുടെ മരണത്തെതുടർന്ന് നടക്കുന്ന സമരങ്ങളെ പിന്തുണച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

നെതർലൻഡ്സിൽ നടക്കുന്ന റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ കിമിയായി നിശ്ചയിച്ചിരുന്നു. എന്നാൽ ഞായറാഴ്ചയോടെ സുരക്ഷാ ഉദ്യോ​ഗസ്ഥർ യാത്രക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു.

തന്റെ ചിത്രമായ കില്ലിങ് എ ട്രെയ്റ്റർ എന്ന സിനിമയും ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങിയിരുന്നു. ഇതിനിടെയാണ് കിമിയായിക്ക് യാത്രാവിലക്കേർപ്പെടുത്തിയിരിക്കുന്നത്.

2022 സെപ്റ്റംബർ മുതലാണ് ഇറാനിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ആരംഭിക്കുന്നത്. ഈ കാലയളവിൽ തന്നെ പ്രശസ്ത സിനിമാ താരങ്ങൾക്കും മറ്റ് സിനിമാ പ്രവർത്തകർക്കും സമാന രീതിയിൽ അധികാരികൾ യാത്രാവിലക്കേർപ്പെടുത്തിയിരുന്നു.

ഒക്ടോബറിൽ ഇറാനിയൻ സംവിധായകനായ മനി ഹ​ഗീ​ഗിയുടെ പാസ്പോർട്ട് ഉദ്യോ​ഗസ്ഥർ കണ്ടുകെട്ടിയിരുന്നു. ലണ്ടനിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ പോകാനിരിക്കെയായിരുന്നു സംഭവം. നവംബറിൽ പ്രമുഖ ഇറാനിയൻ നടനായ ബഹ്റം റദാൻ തനിക്ക് യാത്രാവിലക്കേർപ്പെടുത്തിയെന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

സെപ്റ്റംബർ 16നായിരുന്നു 22കാരിയായ മഹ്സ അമിനി സ​ദാചാര പൊലീസിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്.

Content Highlight: Iranian filmmaker banned from travel for supporting protests in Iran

We use cookies to give you the best possible experience. Learn more