ഇറാനില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ കയറാന്‍ ശ്രമിച്ചതിന് വിചാരണ നേരിടുന്ന യുവതി തീകൊളുത്തി മരിച്ചു
World News
ഇറാനില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ കയറാന്‍ ശ്രമിച്ചതിന് വിചാരണ നേരിടുന്ന യുവതി തീകൊളുത്തി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th September 2019, 9:43 pm

തെഹ്‌റാന്‍: ഇറാനില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിച്ചതിന് അറസ്റ്റിലായ ഇറാനിയന്‍ യുവതി ആത്മഹത്യ ചെയ്തു. കഴിഞ്ഞയാഴ്ച കോടതിയ്ക്ക് പുറത്ത് സ്വയം തീകൊളുത്തിയ സഹര്‍ ഖൊദൈരിയാണ് തെഹ്‌റാനിലെ ആശുപത്രിയില്‍ മരിച്ചത്. സ്റ്റേഡിയത്തില്‍ കയറാന്‍ ശ്രമിച്ചതിന് ആറുമാസം വരെ ജയില്‍ശിക്ഷ ലഭിച്ചേക്കാമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സഹര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇറാന്റെ ‘ബ്ലൂഗേള്‍’ എന്നറിയപ്പെടുന്ന സഹര്‍ തന്റെ ഇഷ്ട ടീമായ എസ്‌തെഗ്‌ലലിന്റെ കളി കാണാന്‍ പുരുഷ വേഷത്തില്‍ സ്റ്റേഡിയത്തില്‍ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. ക്ലബ്ബിന്റെ ജെഴ്‌സിയുടെ നിറം നീലയായതിനാലാണ് അവരെ ‘ബ്ലൂഗേള്‍’ എന്ന് വിളിച്ചിരുന്നത്.

മാര്‍ച്ച് മാസത്തിലായിരുന്നു സംഭവം. അന്ന് മൂന്നു ദിവസം ജയിലില്‍ കിടന്ന ശേഷമാണ് സഹര്‍ മോചിപ്പിക്കപ്പെട്ടത്. കേസില്‍ വിചാരണ അവസാനിച്ചിരുന്നില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സഹര്‍ ഖൊദൈരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് കൊണ്ട് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് മുന്‍ ദേശീയ താരവും ബയേണ്‍ മ്യൂണിക്ക് ടീമംഗവുമായിരുന്ന അലി കരീമി ആഹ്വാനം ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

1981 മുതല്‍ ഇറാനില്‍ സ്ത്രീകള്‍ക്ക് ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍ വിലക്കുണ്ട്. കഴിഞ്ഞ വര്‍ഷം ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ പങ്കെടുത്ത മത്സരത്തിലാണ് ഈ വിലക്ക് താത്കാലികമായി നീക്കിയത്. എന്നാലിത് പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന് ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തര്‍ ആരോപിച്ചിരുന്നു. അതേസമയം വോളിബോള്‍ ഉള്‍പ്പെടെ മറ്റു മത്സരങ്ങള്‍ കാണുന്നതില്‍ സ്ത്രീകള്‍ക്ക് വിലക്കില്ല.

ഒക്ടോബറില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കാണുന്നതിനായി ആഗസ്റ്റ് അവസാനത്തോടെ സ്ത്രീകള്‍ക്കുള്ള വിലക്ക് പൂര്‍ണ്ണമായും മാറ്റണമെന്ന് ഫിഫ ഇറാനോട് ആവശ്യപ്പെട്ടിരുന്നു.