| Saturday, 12th September 2020, 5:36 pm

ഇറാനിലെ ദേശീയ ഗുസ്തി ചാമ്പ്യനെ തൂക്കിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെഹ്‌രാന്‍: ഇറാനിലെ ദേശീയ ഗുസ്തി ചാമ്പ്യനായ നവിദ് അഫ്കാരിയെ തൂക്കിക്കൊന്നു. 2018 ല്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സെക്യൂരിറ്റി ഉദ്യോസ്ഥനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്ന കുറ്റം. ഇതേ കേസില്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളായ വഹിദും ഹബിബും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. യഥാക്രമം 54 വര്‍ഷത്തേക്കും 27 വര്‍ഷത്തേക്കുമാണ് ഇരുവര്‍ക്കും തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

തെക്കന്‍ നഗരമായ ഷിറാസില്‍ വെച്ച് നവിദ് അഫ്കാരിയെ തൂക്കിക്കൊന്നു എന്നാണ് ഇറാന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. അഫ്കാരിക്കെതിരെ അധികൃതര്‍ അന്യായമായികുറ്റം ചുമത്തുകയായിരുന്നു എന്ന് വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. അഫ്കാരിയുടെ വധശിക്ഷയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 85000 കായിക താരങ്ങള്‍ അഫ്കാരിയുടെ വധശിക്ഷയ്‌ക്കെതിരെ സംയുക്ത പ്രതിഷേധം അറിയിച്ചിരുന്നു.

തന്നെ നിര്‍ബന്ധിതമായി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്ന് അഫ്കാരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇദ്ദേഹത്തെ പാര്‍പ്പിച്ച ജയിലില്‍ നിന്നും ലീക്കായ ശബ്ദരേഖയില്‍ തന്നെ പൊലീസ് നിരന്തരം ഉപദ്രവിക്കുകയും കുറ്റം സമ്മതിപ്പിക്കുകയുമായിരുന്നെന്നാണ്  അഫ്കാരി പറയുന്നത്.

സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ഇവര്‍ മൂന്നു പേരുമല്ല കൊലപ്പെടുത്തിയതെന്നും ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ സാധുവല്ലെന്നുമാണ് ഇവരുടെ അഭിഭാഷകന്‍ പറയുന്നത്.

രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയ്‌ക്കെതിരെയും സര്‍ക്കാര്‍ അടിച്ചമര്‍ത്തലിനെതിരെയുമാണ് 2018 ല്‍ ഇറാനില്‍ പ്രക്ഷോഭം നടന്നത്. ഈ പ്രക്ഷോഭത്തിലാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more