ടെഹ്‌റാന്‍: ഇറാന്‍ ഭരണകൂടം ഈ വര്‍ഷം 55 പേരുടെ വധശിക്ഷ നടപ്പാക്കിയതായി റിപ്പോര്‍ട്ട്. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനും ജനങ്ങളില്‍ ഭീതി സൃഷ്ടിക്കാനുമാണ് തുടരെ തുടരെ ഭരണകൂടം വധശിക്ഷ നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നോര്‍വെ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് (IHRNGO) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വര്‍ഷം 26 ദിവസത്തിനുള്ളില്‍ 55 വധശിക്ഷകള്‍ ഇറാന്‍ ഭരണകൂടം നടത്തിയതായി അറിയിച്ചത്.
ഇറാനിലെ ഭരണകൂട വിരുദ്ധ- ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തി നാല് പേരെയാണ് തൂക്കിലേറ്റിയതെന്നും ബാക്കിയുള്ള ഭുരിഭാഗം ആളുകളെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങളുടെ പേരിലാണ് വധശിക്ഷ നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറഞ്ഞത് 107 പേര്‍ ഇപ്പോഴും ഇറാനില്‍ വധശിക്ഷ കാത്ത് കഴിയുകയാണെന്നും ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്.
സമീപ കാലങ്ങളില്‍ ഇറാനിലെ വധശിക്ഷകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇസ്‌ലാമിക് റിപബ്ലിക്കില്‍ നടക്കുന്ന ഓരോ വധശിക്ഷയും രാഷ്ട്രീയമായി കാണെണ്ടതാണ്. സാമൂഹിക ഭയവും ഭീകരതയും സൃഷ്ടിക്കുകയാണ് അവയുടെ ലക്ഷ്യമെന്നും ഐ.എച്ച്.ആര്‍ ഡയറക്ടര്‍ മഹമൂദ് അമിരി മൊഗാദ്ദം (Mahmood Amiry -Moghaddam) പറഞ്ഞു.
‘ഭരണകൂടം നടപ്പിലാക്കുന്ന വധശിക്ഷകള്‍ നിര്‍ത്തണം. ഒരു തരത്തിലുള്ള വധശിക്ഷയും വെച്ചുപൊറുപ്പിച്ചുകൂട. അത് രാഷ്ടട്രീയമായാലും, അരാഷ്ട്രീയമായാലും,’ ഐ.എച്ച്.ആര്‍ ഡയറക്ടര്‍ പറഞ്ഞു.
എന്നാല്‍ ഐ.എച്ച്.ആര്‍ 2022ല്‍ ഇറാന്‍ ഭരണകൂടം നടപ്പാക്കിയ വധശിക്ഷകളുടെ കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ ഐ.എച്ച്.ആര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022ല്‍ 500ലധികം ആളുകളുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ടെന്നാണ്.
ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വധശിക്ഷാ നിരക്കാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2021ല്‍ 333 പേരെയും 2020ല്‍ 267 പേരെയുമാണ് ഇറാന്‍ ഭരണകൂടം വിവിധ കുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ തൂക്കിലേറ്റിയത്.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യവ്യാപകമായി നടന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന് 18 വയസിന് താഴെയുള്ള 64 പേര്‍ ഉള്‍പ്പെടെ 488 പേരെ ഇറാന്‍ സുരക്ഷാസേന കൊലപ്പെടുത്തിയതായാണ് ഐ.എച്ച്.ആര്‍ പറയുന്നത്. കൊല്ലപ്പെട്ട 64 പ്രായപൂര്‍ത്തിയാകാത്തവരില്‍ 10 പേര്‍ പെണ്‍കുട്ടികളാണ്.
2010 മുതല്‍ ആകെ 7040 പേരുടെ വധശിക്ഷ ഇറാന്‍ ഭരണകൂടം നടപ്പാക്കിയതായും അതില്‍ 187 സ്ത്രീകളാണെന്നും ഐ.എച്ച്.ആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ച് ഇറാനിയന്‍ മോറല്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കുര്‍ദിഷ് യുവതി മഹ്സ അമിനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇറാനില്‍ രാജ്യവ്യാപകമായി ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.
രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിരുദ്ധ പ്രതിഷേധപ്രകടനങ്ങള്‍ 1979ലെ ഇറാനിയന്‍ വിപ്ലവത്തിന് ശേഷം രാജ്യത്തെ ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്.