| Sunday, 4th August 2024, 2:05 pm

പശ്ചിമേഷ്യയിലാകെ യുദ്ധഭീതി ഉയരുന്നു; ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ യു.എസ് സൈനിക ജനറല്‍ ഇസ്രഈലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷം വ്യാപിക്കുന്നതിനിടെ ഇസ്രഈലിലെത്തി യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ജനറല്‍ മൈക്കല്‍ കുറില്ല. ഇറാനില്‍ വെച്ച് ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയില്‍ പിരിമുറുക്കം വര്‍ധിച്ചിട്ടുണ്ട്.

ഹനിയയുടെ കൊലപാതകത്തില്‍ ഇസ്രഈലിന് മറുപടി നല്‍കുമെന്നും ഇറാന്റെ മുന്നറിയിപ്പുണ്ടായിരുന്നു. സംഘര്‍ഷ സാധ്യത വര്‍ധിക്കുന്നതിലേക്കായിരുന്നു കാര്യങ്ങള്‍ വിരള്‍ ചൂണ്ടിയത്. യു.എസിന്റെ കൂടെ പിന്തുണയോടെയാണ് ഇസ്രഈല്‍ ഹനിയയെ കൊലപ്പെടുത്തിയതെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് സൈനിക ജനറല്‍ ഇസ്രഈൽ സന്ദര്‍ശിക്കുന്നത്.

ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ഹനിയയുടെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്രഈലിന്റെയും യു.എസിന്റെയും ഹ്രസ്വദൂര പ്രൊജക്ടാണെന്നും ആരോപിച്ചിരുന്നു.

സയണിസ്റ്റ് ഭരണകൂടം രൂപകല്‍പ്പന ചെയ്തതും നടപ്പിലാക്കിയതും യു.എസിന്റെ പിന്തുണയുള്ള പ്രൊജക്ടാണ്. സയണിസ്റ്റ് ഭരണകൂടത്തിന് ഉചിതമായ സമയത്ത് കഠിനമായ മറുപടി നല്‍കുമെന്നും ഇറാന്റെ പ്രസ്താവനയില്‍ പറയുന്നു.

ഹനിയയുടെ കൊലപാതകത്തില്‍ ഇസ്രഈല്‍ ഇതുവരെ തങ്ങളുടെ പങ്ക് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇറാന് പുറമെ ലെബനനിലെ ഹിസ്ബുള്ളയും ഇസ്രഈലിനെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബെയ്‌റൂട്ടില്‍ ഹിസ്ബുള്ളയുടെ സൈനിക മേധാവിയെ ഇസ്രഈല്‍ വധിച്ച് മണിക്കൂറുകള്‍ക്കകമാണ് ടെഹ്‌റാനില്‍ ഹനിയ കൊല്ലപ്പെട്ടത്. ഇസ്രഈലിന് തക്കതായ മറുപടി നല്‍കുമെന്ന് ഇറാന്‍ ശനിയാഴ്ച പ്രതികരിച്ചിരുന്നു.

തിങ്കളാഴ്ചയോടെ ഇസ്രഈലിന് നേരെ ഇറാന്റെ ആക്രമണം ഉണ്ടായേക്കുമെന്നാണ് യു.എസിനെയും ഇസ്രഈലിലെ ചില ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചുകൊണ്ട് ഗാര്‍ഡിയന്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ തിരിച്ചടിക്കുമെന്ന ഭീതിയിലാണ് മേഖലയില്‍ സൈനിക സാനിധ്യം ശക്തമാക്കാന്‍ യു.എസിനെ പ്രേരിപ്പിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മിഡില്‍ ഈസ്റ്റില്‍ ഒരു ഫൈറ്റര്‍ ജെറ്റ് സ്‌ക്വാഡ്രണ്‍ വിന്യസിക്കുമെന്നും വിമാനവാഹിനിക്കപ്പലിന്റെ അറ്റകുറ്റപ്പണി നടക്കുന്നതായും പെന്റഗണ്‍ അറിയിച്ചിരുന്നു. യു.എസ്, ബ്രിട്ടീഷ് സര്‍ക്കാരുകള്‍ തങ്ങളുടെ പൗരന്മാരോട് ലെബനന്‍ വിടാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ക്കായി മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയയുടെ നേതൃത്വത്തിലുള്ള ഇസ്രഈല്‍ പ്രതിനിധി സംഘം കെയ്‌റോയില്‍ ഒരു ഹ്രസ്വ സന്ദര്‍ശനം നടത്തിയിരുന്നു.

ഗസയില്‍ വെടിനിര്‍ത്തലിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ, വെസ്റ്റ് ബാങ്കില്‍ ശനിയാഴ്ച ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

Content Highlight: Iranian attack on Israel soon? US General visits Middle East as fears of war grow

We use cookies to give you the best possible experience. Learn more