| Tuesday, 24th September 2024, 8:52 pm

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള അവന്റെ അവസാന പിടിവള്ളി? രണ്ട് സ്വപ്‌നങ്ങളില്‍ ഒന്ന് ബാക്കി; മുംബൈ തയ്യാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇറാനി ട്രോഫിക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ഡൊമസ്റ്റിക് ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കിരീടങ്ങളിലൊന്നിനുള്ള മത്സരത്തില്‍ രഞ്ജി ചാമ്പ്യന്‍മാരായ മുംബൈ റെസ്റ്റ് ഓഫ് ഇന്ത്യയെ നേരിടും.

മത്സരത്തിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ സ്‌ക്വാഡിനെ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. ഋതുരാജ് ഗെയ്ക്വാദിന് ക്യാപ്റ്റന്‍സിയും അഭിമന്യു ഈശ്വരന് വൈസ് ക്യാപ്റ്റന്‍സിയും നല്‍കിയാണ് റെസ്റ്റ് ഓഫ് ഇന്ത്യ ടീം ഒരുക്കിയിരിക്കുന്നത്.

അതേസമയം, അജിന്‍ക്യ രഹാനെക്ക് കീഴിലാണ് മുംബൈ പോരാട്ടത്തിനിറങ്ങുന്നത്. രഞ്ജി ട്രോഫിയില്‍ വിദര്‍ഭയെ പരാജയപ്പെടുത്തി കിരീടം നേടിയ അതേ ആവേശത്തിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ഇറാനി ട്രോഫിക്കും കച്ച മുറുക്കുന്നത്.

നിലവില്‍ ഏറെ നാളായി ഇന്ത്യയുടെ റെഡ് ബോള്‍ മാച്ചുകളില്‍ രഹാനെക്ക് സ്ഥാനമില്ല. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് രഹാനെ അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ ടെസ്റ്റ് മത്സരം കളിച്ചത്.

ഇപ്പോള്‍ രഹാനെക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള നേരിയ പഴുതായാണ് ആരാധകര്‍ ഈ മത്സരത്തെ കാണുന്നത്. ഇറാനി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഒരുപക്ഷേ താരം വീണ്ടും ഇന്ത്യക്കായി കളിക്കുന്ന സാധ്യതകളും തള്ളിക്കളയാന്‍ സാധിക്കില്ല.

ഇന്ത്യക്ക് പുറമെ ഇംഗ്ലണ്ടിലും കളിച്ച് രഹാനെ തന്റെ ടെസ്റ്റ് സ്‌കില്ലുകള്‍ക്ക് മൂര്‍ച്ച വരുത്തുന്നുണ്ട്. കൗണ്ടിയില്‍ ലെസ്റ്റര്‍ഷെയറിന്റെ താരമാണ് രഹാനെ.

ഒരുപക്ഷേ ഇന്ത്യന്‍ ടീമിലേക്ക് താരം മടങ്ങിയെത്തിയാല്‍ തന്റെ ശേഷിക്കുന്ന സ്വപ്‌നസാക്ഷാത്കാരത്തിന് കൂടി വഴിയൊരുങ്ങും. ഇന്ത്യക്കായി നൂറ് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കണമെന്നതും ക്യാപ്റ്റനായി മുംബൈക്ക് രഞ്ജി ട്രോഫി നേടിക്കൊടുക്കണം എന്നതുമാണ് തന്റെ സ്വപ്‌നമെന്ന് രഹാനെ നേരത്തെ പറഞ്ഞിരുന്നു.

ഇതില്‍ മുംബൈക്ക് കിരീടം നേടിക്കൊടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ഇനി ശേഷിക്കുന്നത് ഇന്ത്യക്കായി നൂറ് ടെസ്റ്റ് എന്ന ചരിത്ര നേട്ടമാണ്.

എന്നാല്‍ ഈ നേട്ടത്തിലെത്താന്‍ രഹാനെ ഏറെ പാടുപെടേണ്ടി വന്നേക്കും. നിലവില്‍ 85 ടെസ്റ്റുകളാണ് താരം ഇന്ത്യക്കായി കളിച്ചത്. പ്രതിഭകളുടെ ധാരാളിത്തമുള്ള സാഹചര്യത്തില്‍ 36കാരനായ രഹാനെയെ 15 മത്സരങ്ങളില്‍ ഇന്ത്യ പരിഗണിക്കുമോ എന്നതും കണ്ടറിയണം.

ഇറാനി കപ്പിനുള്ള മുംബൈ സ്‌ക്വാഡ്

അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ആയുഷ് മാത്രെ, മുഷീര്‍ ഖാന്‍, ശ്രേയസ് അയ്യര്‍, സിദ്ധേഷ് ലാഡ്, സൂര്യാംശ് ഷെഡ്ഗെ, ഹര്‍ദിക് താമോര്‍ (വിക്കറ്റ് കീപ്പര്‍), സിദ്ധാന്ത് അദ്ധാത്റാവു, ഷാംസ് മുലാനി, തനുഷ് കോട്ടിയന്‍, ഹിമാന്‍ഷു സിങ്, മൊഹിത് അവസ്തി, മുഹമ്മദ് ജുനൈദ് ഖാന്‍, റോയ്സ്റ്റണ്‍ ഡയസ്.

ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ സ്‌ക്വാഡ്

ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, റിക്കി ഭുയി, ശാശ്വത് റാവത്ത്, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), മാനവ് സുതര്‍, സാരാംശ് ജെയ്ന്‍, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, രാഹുല്‍ ചഹര്‍.

Content Highlight: Irani Trophy 2024: Rest Of India vs Mumbai: Ajinkya Rahane leads Mumbai

We use cookies to give you the best possible experience. Learn more